let time decide..

let time decide..

Friday, July 24, 2020

ഒറ്റയ്ക്ക് നിൽക്കുന്നവർ




ഒറ്റയ്ക്ക് നിൽക്കുന്നവർ ശരിക്കും ഒറ്റയ്ക്കല്ല. 

വിജനതയുടെ ഒറ്റത്തുരുത്തുകളിൽ അവർ മാറിയിരിക്കുന്നതാണ്. 
ഇരുട്ടിന്റെ ഗുഹാന്തരങ്ങളിൽ അവർ സ്വയം വെളിച്ചപ്പൊട്ടുകളാകുന്നുണ്ട്.
വാക്കുകളുടെ വെള്ളച്ചാട്ടങ്ങളിലേക്ക് അവരിൽ ചിലരെങ്കിലും മുങ്ങാംകുഴിയിടാറുമുണ്ട്.

നിങ്ങൾക്കത് കാണാനാകുന്നില്ല എന്നേ ഉള്ളൂ.

ഏകാന്തതയുടെ തനിയിടങ്ങളിൽ സ്വയം നിർമിച്ചെടുത്ത ദ്വീപുകളിൽ അവരൊരു ആൾക്കൂട്ടമാകുന്നുണ്ട്.
വികാരങ്ങൾ മിന്നൽപ്പാച്ചിലുകളായി അവരിൽ വേദനയുടെ കൂണുകൾ മുളപ്പിക്കുന്നതും  മഴ അവയെ പതുക്കെ തലോടി പതുപതുപ്പിക്കുന്നതും നിങ്ങൾ കാണുന്നില്ല എന്നേ ഉള്ളൂ.

ഒറ്റയ്ക്ക് നിൽക്കുക എന്നാൽ ഒരു സമരത്തിന് കാവലാകുക എന്നാണ്.

വസന്തം പെയ്ത് നിറയുമ്പോഴും മരം പൂത്തുലയുമ്പോഴും അതിൽ ഒരില ഇമയനക്കമേതുമില്ലാതെ ദൂരെയുള്ള കാഴ്ചകൾ കണ്ണിൽ നിറയ്ക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?

മരം പെയ്ത് തോർന്നാലും ആ ഒരില തോരാതെ പെയ്യുന്നുണ്ടാകും.

നിങ്ങളത് കാണുന്നില്ല എന്നേ ഉള്ളൂ.

ആഴങ്ങളിൽ കടലിരമ്പുമ്പോഴും പരപ്പിൽ കാറ്റ് ചിതറുമ്പോഴും അതിലൊന്നിലും ചേരാതെ ഒരു തുള്ളി ആകാശത്തിലലിയാൻ കാത്തു നിൽക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?

കടൽപ്പെരുക്കമൊഴിഞ്ഞാലും ആ  ഒരു തുള്ളി പൊലിയാതെ നിൽക്കുന്നുണ്ടാകും.

നിങ്ങളത് കാണുന്നില്ല എന്നേ ഉള്ളൂ.


നിലാത്തണുപ്പിൽ നക്ഷത്രങ്ങൾ കുളിരുമ്പോഴും ഇത്തിരിച്ചൂടിൽ കൊള്ളിമീനുകൾ പായുമ്പോഴും ദൂരെയൊരു കോണിൽ ഒരു മിന്നാമിനുങ്ങ് നിന്ന് ചിരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?

നിമിഷവേഗങ്ങളുടെ പ്രകാശവഴി തീർന്നാലും ആ ഒരു മിന്നാമിനുങ്ങ് നിന്ന് കത്തുന്നുണ്ടാകും.

നിങ്ങളത് കാണുന്നില്ല എന്നേ ഉള്ളൂ.



സൂക്ഷിച്ചു നോക്കിയാൽ നിങ്ങൾക്കും കാണാം
വിഷാദത്തിന്റെ കണ്ടൽക്കാടുകളിൽ തനിച്ചിരുന്ന് ഒരാൾ മരണം കോർക്കുന്നത്.

ഒരു ചില്ലുപാളിയ്ക്കപ്പുറം പറയാനാകാതെ പോയ മൗനങ്ങൾ നിലവിളിക്കുന്നത് നന്നായൊന്നു ചെവിയോർത്താൽ നിങ്ങൾക്കും കേൾക്കാം.

അടുത്തിരിക്കുമ്പോഴും അകലങ്ങളിൽ വറ്റിപ്പോകുന്ന ചില നനവുകൾ ഒരു തലോടൽ കൊണ്ട് നിങ്ങൾക്കും തൊട്ടറിയാം.

ഒറ്റയായിപോകുന്നവരുടെ സമരത്തിൽ പങ്കു ചേരുന്നത് ഒരു വിപ്ലവമാണ്.

Thursday, July 16, 2020

ഒരു പേരും പാകമാകാത്ത കവിത

അക്ഷരങ്ങൾ പരാഗണം നടത്തുന്ന കവിതയാണ് നീ.
നിന്റെ കണ്ണുകൾക്ക് നിലാവിന്റെ നീലത്തണുപ്പാണ്. 
വഴിയൊഴിഞ്ഞ ജീവിത വേഗങ്ങൾ നിന്റെ യാത്രകൾക്കന്യം! 
ദിശ മുറിഞ്ഞ കാഴ്ചകൾ സ്വപ്നങ്ങളിൽ നിന്നോട് സംസാരിക്കാറില്ല.
നിന്റെ വാക്കുകൾക്ക് പറയാനുള്ളത് ദൂരങ്ങളെ പറ്റിയാണ്.
പകുതി ചേർന്ന നിറങ്ങളിൽ നീ കടലാഴങ്ങളുടെ ചായങ്ങൾ ചേർത്ത് കൊണ്ടേ ഇരിക്കുന്നു. 
പാകമാകാതെ പഴുക്കാൻ നോക്കുന്ന ബോധ്യങ്ങൾ നീ അരക്കിട്ടുറപ്പിച്ച് വാക്കിന്റെ വിടവുകളിൽ ഒളിപ്പിക്കുന്നു. 
നിന്റെ വേരുകൾക്ക് കട്ടിമണ്ണിന്റെ അടിയിൽ പൂക്കുന്ന സ്വർണത്തിന്റെ സ്വാദാണ്.
ആകാശമാണ് നീ. മഴയും വെയിലും ഒരേ പോലെ നിന്നെ നനയും. വേറെ വേറെ ഒഴുകുന്ന കുറേ നീർച്ചാലുകൾ ഒത്തുചേരുന്ന വലിയൊരൊഴുക്കാണ് നീ. 
നീയാണ് തുടക്കം. തുടർച്ചയും നീ തന്നെ. 
കവിതയാണ് നീ. 
അക്ഷരങ്ങൾ പൂക്കൾ വിടർത്തുന്ന കവിത.

Saturday, August 17, 2019

പാളങ്ങൾ

                        ഒരു കൈ അകലം.
                                എന്നാൽ
                         ഒരു കിനാവകലം!

Tuesday, July 16, 2019

മരണം എന്ന കുട്ടിക്കളി

മരണം വെറുമൊരു കുട്ടിക്കളിയാണ്.


ശ്വാസവും പ്രാണനും ഒളിച്ചു കളിയ്ക്കാൻ തുടങ്ങുന്നത് അന്നേരമാണ്.
കുളം കര എന്ന് കൃഷ്ണമണികൾ ചാടിത്തുള്ളി ആവേശം കൊള്ളും.

വയർ വീർപ്പിച്ചും ധമനീ ശാഖികളിൽ തൂങ്ങിയാടിയും ശ്ലേഷ്മങ്ങൾ ഉത്സവപ്പറമ്പിലെ ബലൂൺ കുട്ടി കുസൃതിയാകും.

ഒറ്റയ്ക്കാകും എന്ന് പേടിച്ചിട്ടാകും  ചില അലമ്പ് കോശങ്ങൾ കോലുമിട്ടായീം ഈമ്പി മറ്റുചിലവന്മാർക്കൊപ്പം തോളിൽ കൈയിട്ട് ഒരുമിച്ച് നടന്നുതുടങ്ങുന്നത്.

കള്ളമടി കാട്ടി പുതപ്പിലൊളിച്ച പനികുഞ്ഞുങ്ങളെ പോലെ ചില വിറയലുകൾ ദേഹം മൊത്തം തരിപ്പിക്കും.

മഷിത്തണ്ട് പൊട്ടിച്ച് സ്ളേറ്റക്ഷരങ്ങൾ മായ്ക്കുന്ന പോലെ സിരകളിൽ രക്തം ചൂട്, തുടിപ്പ് എന്നീ വാക്കുകൾ മായ്ച്ചു കളയും.



 നാലുമണി വെപ്രാളത്തിൽ പാഞ്ഞോടാൻ വെമ്പുന്ന കുതിപ്പ് പോലെ ഊർദ്ധ്വൻ അനന്തതയെ കാത്തുനിൽക്കും.

 ദേശീയഗാനത്തിന് അറ്റൻഷൻ കാക്കുന്നത് പോലെ മിടിപ്പുകൾ നിശ്ചലമാകും.

പതിയെ പതിയെ നുണഞ്ഞിട്ടും തീരാത്ത കല്ലുമുട്ടായി പോലെ ദേഹം പരുപരുത്തു കിടക്കും.

ജീവിതത്തിന്റെ മരണക്കളി കഴിഞ്ഞുള്ള വീടോട്ടമാണ് മരണം.

ഒരു പൂ ഞെട്ടറ്റ് വീഴുന്ന സുഖത്തോടെ, കുട്ടിത്തത്തോടെ ഒരാൾ മരിച്ചു വീഴുന്നതിനെക്കാൾ സുന്ദരമായ കാഴ്ച വേറെന്തുണ്ട്!?

05.07.19

..

നിനക്കറിയാമോ നിന്റെ കണ്ണീരു വറ്റിച്ചെടുത്ത ഉപ്പാണ് നിന്റെ ചിരിയിലെ രുചി എന്ന്?

രക്ത രന്ധ്രങ്ങളിൽ പടരുന്ന ഇരുമ്പുരസലാണ് ചിന്തകളിലെ അമ്ലമെന്ന്??

നെടുവീർപ്പിന്റെ ജീവവേഗമാണ് കൊടുങ്കാറ്റിന്റെ താളമെന്ന്???

പകുതിമയങ്ങുന്ന സ്വപ്ന സ്വത്വമാണ് കടലിന്റെ ആഴമെന്ന്????

കാഴ്ച വറ്റാത്ത കണ്ണിലെ മിന്നലാണ് ആകാശത്തിന്റെ അതിരെന്ന്?????


പേരിന്റെ അടയാളങ്ങൾ കനമില്ലാത്ത ഓർമകളിൽ പോലും ശേഷിപ്പിക്കാത്ത നിനക്ക് ഞാൻ എന്ത് തരാനാണ്?

സ്ഥിരം കാഴ്ചകൾ

നേരം വെളുത്ത് പുറത്തിറങ്ങിയാൽ കാണാം സ്ഥിരം കാഴ്ചകൾ. സ്ഥിരം ആളുകൾ.


പുറകിൽ വന്ന് ചൂളം വിളിച്ച് ശൃംഗാരമളക്കുന്ന ഒരുത്തനെ എന്നും കാണാം. തിരിഞ്ഞ് നോക്കിയാൽ പാറിയൊളിക്കും. നേരെ നിന്ന് കണ്ണിൽ നോക്കാൻ ധൈര്യമില്ലാത്ത കാറ്റ്.

പേടിത്തൊണ്ടൻ!!


നോട്ടത്തിൽ ഉച്ചച്ചൂട് കൊയ്യുന്ന വേറൊരുത്തനും സ്ഥിരമാണ്. വിയർപ്പിൽ കുതിരുന്ന ഞൊറിതുടിപ്പുകളെ കണ്ണ് കൊണ്ടുഴിഞ്ഞ് തീർക്കുന്ന അൽപ്പൻ ആകാശം.

വൃത്തികെട്ടവൻ!!


എന്നാലും ഇടയ്ക്കിടയ്ക്ക് കണ്ണ് തിരഞ്ഞു പോകുന്ന വേറൊരാളുണ്ട്.
ദിശ തെറ്റിപ്പോകുന്ന ചില മൗനങ്ങൾ പ്രണയം ഇറ്റിച്ചു കൊണ്ട് തരും മൂപ്പര്.
ആരും കാണാതെ കവിളിൽ വന്നൊരുമ്മ തന്നോടിപ്പോകും. നാണം കൊണ്ട് ദേഹം പുഷ്പിപ്പിക്കുന്ന മഴക്കാമുകൻ.

കള്ളൻ!!!


പകുതി വിരിഞ്ഞ ഇങ്ങനെയുള്ള തോന്നലുകളിൽ നിന്ന് ഇല ഉണർന്നത് നരച്ച രോമങ്ങളുള്ള വയസ്സൻ വെയിൽ ബലിഷ്ഠമായ പേശികൾക്കുള്ളിൽ അവളെ ഞെരുക്കിയെടുത്ത് പ്രകാശ സംശ്ലേഷണം ചെയ്തപ്പോളാണ്.

മൂപ്പെത്താതെ പ്രസവിച്ച ഒരു പിഞ്ചു കായ ഇന്നും ഒരു ചോദ്യം പോലെ എല്ലാവരെയും നോക്കി ചിരിക്കാറുണ്ടത്രേ!!

Friday, October 6, 2017

.

രണ്ടു പേർ തമ്മിൽ അകലുന്നതിന് പല പല അർത്ഥങ്ങളുണ്ട്.


ഒരേ ദിശയിൽ ഓർമകളെയും പേറി പായുന്ന പാളങ്ങളെ പോലെ, ചിലപ്പോൾ മാത്രം കൂട്ടിമുട്ടാനിടയുള്ള  തീവണ്ടി വേഗം എന്നൊരർത്ഥം.

ഒരേ കുതിപ്പിൽ തുടങ്ങി ലക്ഷ്യമൊടുങ്ങി  ആകാശങ്ങളിൽ ചിതറി തീരുന്ന കൊള്ളിമീൻവെളിച്ചം എന്ന് വേറൊന്ന്.

ഒരേ ഫ്രെയിമിൽ സ്വപ്നങ്ങളുടെയും പിരിയലുകളുടെയും ഛായാചിത്രങ്ങൾക്ക് നിറങ്ങളാകുക എന്നും,

ഒരേ ശബ്ദത്തിൽ തുടങ്ങി മറക്കലിന്റെ ശാപമൗനത്തിൽ അവസാനിക്കുന്ന നിമിഷങ്ങളുടെ മരണ വിളി എന്നും,

നാം എന്ന പുഴയിൽ നിന്ന് നീ എന്നും ഞാൻ എന്നും വേറിട്ട് വറ്റിപ്പോകുന്ന ഒഴുക്ക് എന്നും,

രണ്ട് പേർ തമ്മിൽ അകലുന്നതിന് അർത്ഥം കല്പിക്കാം.


പിരിയലുകളിൽ ബാക്കിയാകുന്ന ഈ ഉപമകളിലാണ് ഇനി ദൂരങ്ങളിലിരുന്ന് നമുക്ക് കവിത തിരയേണ്ടത്.

Thursday, May 25, 2017

വേരറിവ്!

നിങ്ങൾക്കറിയില്ലേ
മരവേരുകളിൽ പണ്ടെങ്ങോ ഊറിയ വരൾച്ചയുടെ ചോരപ്പാടുകളുണ്ടെന്ന്...

ആ ചോരപ്പാടിന്റെ ബലത്തിലാണ് മരം മഴയെ പ്രാപിക്കുന്നതെന്ന്!!!!

തുടിപ്പ് വറ്റിയ നിസ്സംഗതയിൽ ആണ് വേനൽ കനല് കൊയ്യുന്നത് എന്നും
ആ കനൽകുതിപ്പിലാണ് ഓരോ കാടും ആത്മഹത്യ ചെയ്യുന്നതെന്നും നിങ്ങളറിയണം.

  മാംസം ഞെക്കിപിഴിഞ്ഞ നിറമില്ലാത്ത ദ്രവം കൊണ്ടാണ് ഒഴുക്ക് എന്ന ഭൂപടത്തിൽ പുഴ പേരെഴുതുന്നതെന്നും
 തീക്കാറ്റ് തുപ്പുന്ന വരണ്ട കാഴ്ചകളാണ് പുഴയെ അടയാളമില്ലാത്ത ഓർമകളാക്കുന്നത് എന്നും ഇനിയും നിങ്ങൾക്കറിയില്ലെങ്കിൽ നിങ്ങൾക്കൊന്നുമറിയില്ല.

സ്വപ്‌നങ്ങൾക്ക് ശ്വാസം മുട്ടുമ്പോഴെങ്കിലും
ജീവന്റെ ഓരോ തുള്ളിക്കും ആകാശത്തോളം വലിപ്പമുണ്ടെന്നു നിങ്ങൾ അറിയണം. അറിഞ്ഞേ പറ്റൂ!

Monday, March 20, 2017

പെൺകൂണുകൾ

നിലാവിൽ തൂവൽ പോലെ സ്വപ്നമാടുന്ന ഒരു പെൺകുട്ടിയെ എനിക്കറിയാം.

കരളും കാഴ്ചയും വെന്ത അവൾക്ക് അടുപ്പിന്റെ കറുപ്പാണ്.

വെളിച്ചം എന്ന ഓർമ്മ പുസ്തകം എവിടെയോ വെച്ചു മറന്നു എന്ന് അവളൊരിക്കലും സങ്കടപ്പെടുന്നത് കേട്ടിട്ടില്ല.


അവളുടെ  ഇടുങ്ങിയ ഇരുട്ട് മുറികൾക്ക് കരിമ്പൻ കുത്തുന്ന മണമെന്ന് ഇടയ്ക്കെപ്പോളോ ജനൽപ്പാളി തുറന്നെത്തി നോക്കുന്ന വെയിൽ പുച്ഛിക്കാറുണ്ട്.

അവളുടെ ശ്വാസം വേട്ടക്കാരന്റെ കൺമുന വെട്ടിമാറുന്ന പ്രതിരോധമെന്നു  ഇരയകന്നു പോയ മൃഗവികാരം പോലെ കാറ്റ് ഈർഷ്യ കൊള്ളാറുണ്ട്.

അവളുടെ കണ്ണിൽ പൊടിയുന്ന ചോര ഉരഗത്തിനെ പോലെ വരൾച്ചയിലേക്ക് നൂണ്ടിഴയാറുണ്ടെന്ന് ഇടയ്ക്കെപ്പോഴോ തൊട്ടുപോകുന്ന മഴ സഹതപിക്കാറുണ്ട്.

സഹനം എന്ന വാക്കിന്റെ എണ്ണപ്പെരുപ്പങ്ങൾക്ക് അധികാരി അവളാണെന്നു വെറുതെയെങ്കിലും ലിപിയില്ലാത്ത ഭാഷയിൽ അവൾ സമാധാനിച്ച് തുടങ്ങുമ്പോളാണ്....

അപ്പോളാണ്...

 മേലാളന്റെ ചിരിയിലില്ലാത്ത ആനന്ദം അവളറിയുന്നു എന്ന് ഞാനറിയുന്നത്.

അപ്പോളാണ് തോൽക്കുന്നതും കീഴടങ്ങുന്നതും പൊട്ടിത്തെറിയുടെ വിത്തുകളാണെന്നു ഞാൻ പേടിക്കുന്നത്.

അപ്പോളാണ് ഇരുട്ടിലും വിളയുന്ന ജീവന്റെ പെൺ കൂണുകൾ ആണിന്റെ വറചട്ടിയിലിട്ട് പൊരിക്കാൻ എന്റെ നാവ് ഉമിനീരിറക്കുന്നത്.

Thursday, October 27, 2016

ഹത്യ

കടലില്‍ പോയി ഉപ്പു കുറുക്കി പ്രണയം കൊണ്ട് നീലിച്ച  കാമുകനെ കാണാന്‍ ആകാത്തത് കൊണ്ടാണ് ഓരോ പുഴയും തന്‍റെ  അവസാന തുള്ളി ജീവസ്സും പ്ലാസ്റ്റിക്‌ കുപ്പികളില്‍ അടക്കം ചെയ്ത് ആത്മഹത്യ ചെയുന്നത്.

പട്ടാളക്കാരൻ എപ്പോളും ഒരു ബഹുവ്രീഹി സമാസമാണ്.

തോക്കിന്റെ കുഴൽവട്ടത്തിന് അപ്പുറം വെളിച്ചം നിലാവ് കൊണ്ടളക്കുന്നവൻ ആരോ അവൻ.

അമ്മയുടെ ദൈന്യത പുരട്ടിയ ഏകാന്തങ്ങളെ ഓർമയിൽ പൂട്ടിയിട്ടവനാരോ അവൻ.

സ്വപ്നം പകുത്തവളെ കണ്ണീർക്കെട്ടിൽ ഉന്തിയിട്ട് കരയിൽ ബാക്കിയാകുന്നവനാരോ അവൻ.

തണുത്ത് വിറച്ച മരണത്തെ മാറത്തെ കമ്പിളിച്ചൂടിൽ കാക്കുന്നവനാരോ അവൻ.

വെറുപ്പ് പുകയുന്ന താഴ്‌വരകളിൽ സഹനം കൊണ്ട് ഉണ്മ പാകിയവനാരോ അവൻ.

ഊർജ്ജ സിരകളിൽ പടർന്ന ആത്മവീര്യം കൊണ്ട് ഉരുക്കു നെഞ്ച് പണിഞ്ഞവനാരോ അവൻ.

അനേക കോടി ചോദ്യ ചിഹ്നങ്ങൾക്കും ഏറെ മേലെ

തെളിഞ്ഞു കത്തുന്ന ഒരു വലിയ ആശ്ചര്യ ചിഹ്നം ആകുന്നവനാരോ അവൻ.

ഒരു റിട്ടയേർഡ് പോലീസുകാരന്റെ മരണപത്രം വായിക്കുമ്പോൾ.



1.

തിരിഞ്ഞൊന്നു പാളി നോക്കുമ്പോൾ രക്തം തണുപ്പിക്കുന്ന, അസ്ഥികൾ പൂക്കുന്ന കാഴ്ചകളേറെയാണ്.

 ഇല്ലാത്ത കൊമ്പ് പിരിച്ച് മീശയിൽ സ്ഥൈര്യം പുലർത്തി ശരീരത്തിനോട് ഒട്ടിയ കാക്കി നിറം.

മാല മോഷ്ടിച്ചവന്റെ വേഗമളക്കാൻ ഒപ്പമോടി ഒരുമിച്ച് നിന്ന കിതപ്പ്.

ചില വമ്പൻ സ്രാവുകൾ നീന്തിക്കയറുമ്പോൾ തുഴയെറിയരുതെന്നു മനസ്സിലാക്കിയതിനു പച്ച രക്തം ചിതറിച്ച നോട്ടുകളുടെ പോക്കറ്റിലേക്കുള്ള മടക്കം.

ഒളിക്യാമറ, ബലാൽസംഗം,പീഢനം എന്നിവ മഹസ്സർ കഥകളിൽ വ്യഭിചരിക്കുന്നതിന് മുൻപേ ഒറ്റയ്ക്കൊന്നായി പ്രാപിച്ച് നിർവൃതിയിലേക്കുള്ള ആകാശപ്പറക്കൽ.

നിരപരാധികളുടെ കുത്തിന് പിടിച്ച് പിരിച്ചെടുത്ത വീര്യം പതഞ്ഞ് പൊങ്ങുന്ന ലഹരിക്കുതിപ്പുകൾ.

ആത്മഹത്യ ചെയ്തുപേക്ഷിച്ച് പോയ ഉടലുകളിൽ ജീവൻ വന്ന് തുറിച്ചു നോക്കുമെന്ന് ആത്മാർത്ഥമായി പേടിച്ച മിന്നലിരവുകൾ.


സമയ ബോധമില്ലാത്ത തീവണ്ടി അമ്പത്താറ് ചുവന്ന അക്ഷരങ്ങളാക്കി കുടഞ്ഞെറിഞ്ഞ പ്രണയാദ്വൈതങ്ങൾ.



ഒരു പോലീസുകാരനായിരിക്കാൻ അത്ര എളുപ്പമായിരുന്നില്ല.


2.


യൂണിഫോം അഴിച്ച് വെയ്ക്കേണ്ടുന്ന പോലീസുകാരനും കഴുത്തറുത്തു മാറ്റുന്ന അറവുകാളയും കിടന്ന് പിടയ്ക്കുക നിഷ്കാസിതമായ ഓർമ്മയുയിരുകളിലാ ണ്.


ഇനി കുടിയിറക്കപ്പെട്ടവന്റെ യുഗ്മഗാനത്തിൽ ശബ്ദമാകാനും,

പഴകിയ കലണ്ടറുകളിൽ ജീവിതത്തെ ഓർമ്മത്തെറ്റായി അടയാളപ്പെടുത്താനും,

ഉറക്കത്തിന്റെ ഇരുണ്ട അറകളിൽ മൂത്രവും വിയർപ്പും മണക്കുന്ന കുടുസ്സു സ്വപ്നങ്ങൾ കാണാനും,

കെട്ടുപോയ വിളക്കിന്റെ അവസാനത്തെ പുക പോലെ ആഞ്ഞൊന്നു വിറയ്ക്കാനും,

പോലീസുകാരന്റെ പ്രേതമാകാനും
വളരെ എളുപ്പമാണ്.



തൊപ്പിയൂരുന്ന ഓരോ പോലീസുകാരനും സ്വന്തം മരണപത്രം കൂടി വായിക്കുന്നുണ്ട്.

Tuesday, March 8, 2016

വീടുവിട്ടിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്.



പകുതി കലർന്ന ചായക്കൂട്ടുകളിൽ തമ്മിലൊട്ടാതെ നിൽക്കുന്ന ചില നിറങ്ങളെ മാറ്റി നടണം.

കണ്ണീരിലിട്ട് വേവിച്ച ചിന്തകൾ പൊതികളാക്കി വേദന കൊണ്ട് സ്വന്തം പേരെഴുതി അലമാരയിൽ രഹസ്യ അറയിൽ പൂട്ടി വെയ്ക്കണം .

തടുത്ത് നിർത്തിയിട്ടും പൊട്ടിപ്പോയ ആദ്യ ജലത്തിന്റെ തുള്ളികൾ ചെറുവിരലോളം പോന്ന ചുവന്ന അടപ്പുള്ള അളുക്കിൽ സൂക്ഷിക്കണം.

കാഴ്ച , കനിവ് എന്നീ വാക്കുകളുടെ അർത്ഥം വരുന്ന കവിതാ ശകലങ്ങൾ ചുവരിൽ കറുത്ത അക്ഷരങ്ങളിൽ കോറി വെയ്ക്കണം .

മുന്നിൽ, മുറ്റത്ത് മുല്ലത്തണലിന് സ്വപ്നം കുടഞ്ഞ് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.


എന്നിട്ട് ..



അപൂർണതയിൽ..
ബാക്കിയായ ചോദനകളെ ഉപേക്ഷിച്ച് വീടിന് കരളു പറിച്ചൊരുമ്മ കൊടുത്ത് ഇറങ്ങിപ്പോരണം.

ആദ്യ ചുംബനത്തിന്റെ തരിപ്പിൽ വീടങ്ങനെ വിറച്ച് വിറച്ച് നരയ്ക്കണം.

Wednesday, December 30, 2015

ഒറ്റയ്ക്കായപ്പോഴാണ്..!!

ഒറ്റയ്ക്കായപ്പോഴാണ് ഉള്ളിൽ കനല് പൂത്ത മൗനം പെരുകിപ്പെരുകി ചെവി പൊട്ടിച്ചത്.





ഒറ്റയ്ക്കായപ്പോഴാണ് പകുതി കണ്ട സ്വപ്നത്തിന്റെ ബാക്കി തികട്ടിത്തികട്ടി ഉറക്കം ഛർദ്ദിച്ചത്.




ഒറ്റയ്ക്കായപ്പോഴാണ് ശൂന്യതയിൽ പണ്ടെങ്ങോ അടക്കിയ പ്രണയം മണ്ണുമാന്തി പുറത്ത് വന്ന് പൊട്ടിപ്പൊട്ടി കണ്ണീരു പെയ്തത് .



ഒറ്റയ്ക്കായപ്പോഴാണ് ഉരുകിയൊലിച്ച ഏകാന്തങ്ങൾ ചിന്തകളിലിറ്റിയിറ്റി വേദനയുറഞ്ഞത് .



ഒറ്റയ്ക്കായപ്പോഴാണ്       ' നാം' എന്ന ഒഴുകുന്ന കവിതയെ വെട്ടി വെട്ടി ചുരുക്കിച്ചുരുക്കി 'ഞാൻ' എന്നും 'നീ' എന്നും പിരിച്ചെഴുതിയത്.

Tuesday, December 15, 2015

എന്റെ നരച്ച ആകാശങ്ങളിൽ നിന്ന് നിന്റെ നീലിച്ച കടലാഴങ്ങളിലേക്ക് ഒരു ചുംബനത്തിന്റെ ദൂരം.

എന്റെ ഓർമ്മകളുറയുന്ന ജൈവശൈത്യങ്ങളിൽ നിന്ന് നിന്റെ ഉള്ളു കത്തുന്ന മിന്നൽക്കതിരുകളിലേക്ക് ഒരു ചുടു ശ്വാസത്തിന്റെ നേരം.

എന്റെ കനമില്ലാതാകുന്ന മിടിപ്പുകളിൽ നിന്ന് നിന്റെ നിതാന്തമായ മൗനത്തിലേക്ക് ഇനി..........
വിരസമായ ആകാശത്ത് ഇരുട്ടിന്റെ കണക്കെടുക്കുമ്പോഴാണ് വെളിച്ചം ചിതറിത്തെറിപ്പിച്ച ഒറ്റ നക്ഷത്രത്തെ കണ്ടത്.

ജീവൻ പ്രസരിപ്പിച്ച് ചിരിക്കുന്നു അത്.

കാണാൻ രസമാണ്.




ഉൺമയുടെ തീരത്ത് അറിവിന്റെ നഗ്നത തണുത്തുറയുമ്പോഴാണ് നാഡീ തുരുത്തുകളിൽ വേദന കുത്തുന്ന ഒറ്റ ത്തുമ്പി ചിറക് കുടഞ്ഞത്.

അക്ഷരങ്ങളിൽ പരാഗണം നടത്തി കവിത പ്രസവിക്കുന്നു അത്.


അറിയാൻ സുഖമാണ്.


അശാന്തിയുടെ തോട്ടത്തിൽ സങ്കടത്തിന്റെ വിളവെടുക്കാൻ കൈവിറയ്ക്കുമ്പോഴാണ് കണ്ണീരു പെയ്ത മഴ ഒന്നായ് വലിച്ചെടുക്കുന്ന ഒറ്റ മരത്തെ നനഞ്ഞത്.


കണ്ണിൽ ഒരു കടൽ ഉറയാതെ നിർത്തി സ്നേഹം ഉച്ഛ്വസിയ്ക്കുന്നു അത്.


നോക്കി നിൽക്കാൻ ആരാധനയാണ്.
രസക്കോട്ടകളുള്ള നാവിന്റെ വാതിൽ അരക്കിട്ട് മുദ്രവെച്ചത് വ്യവസ്ഥാപിത രുചികളിൽ തുപ്പൽ തൊട്ട് അശുദ്ധിയാക്കിയതിനാണ്.


വിലയില്ലാത്ത ഇരുട്ടിലെ കാഴ്ചയ്ക്കു പകരം വെളിച്ചത്തിന്റെ ഊടുവഴിയിലേക്ക് ഒന്നു പാളിയതിനാണ് കണ്ണുകൾ ലേലത്തിന് വെച്ച് വിറ്റത്.


മൂക്കിനെ അറസ്റ്റ് ചെയ്തത് വിയർപ്പ് നിർത്തിക്കുഴച്ച പച്ചമണ്ണിന്റെ ശൗര്യം മണത്തതിനാണ്.


എതിർക്കുന്ന ശബ്ദങ്ങൾ പൊങ്ങാതിരിക്കാനും ചങ്കൂറ്റത്തിന്റെ അലർച്ച കേൾക്കാതിരിക്കാനുമാണ് ചെവികളേയും സ്വരങ്ങളേയും ജയിലിലടച്ചത്.



 ചിന്തകളെ സദാചാരം കൊണ്ട് ഞെക്കിക്കൊന്നത് പൊതു ഇടങ്ങളിൽ അക്ഷരങ്ങളെ ചുംബിച്ചതിനാണ്.







വിപ്ലവം നിശ്ശബ്ദവും നിരന്തരവും ആണെന്ന് , പക്ഷേ,  അവർക്കറിയില്ല.

Tuesday, October 27, 2015

നീ വഴിയൊഴിഞ്ഞ നഗരം.
ഇടവഴികളിൽ കാലൊച്ചകൾ മിടിയ്ക്കുന്നത് നിനക്കൊപ്പം നടക്കാനാണ്

നീ നിറമൊഴിഞ്ഞ ചിത്രം.
ഞരമ്പുകളിൽ മഷി നിറയുന്നത് നിന്നെ വരയ്ക്കാനാണ്.

നീ ദിശയൊഴിഞ്ഞ കടൽ.
കണ്ണിൽ നക്ഷത്രങ്ങൾ കത്തുന്നത് നിന്നെ കാണാനാണ്.

നീ വാക്കൊഴിഞ്ഞ മൗനം.
ചുണ്ടിൽ പ്രണയം കിനിയുന്നത് നിന്നെ ചുംബിക്കാനാണ്.

Thursday, October 22, 2015

ചില ചിന്തകൾ ഗുഹാ ചിത്രങ്ങൾ പോലെയാണ്.
വരണ്ടു കോറിയ ചരിത്ര രേഖകൾ പോലെ അത് തലച്ചോറിൽ അക്ഷാംശങ്ങൾ അളക്കും.

ഉപ്പുറവ കിനിയുന്ന കരിങ്കൽ ചീളുകളിലെ അക്ഷരങ്ങൾ പോലെ അത് പതുങ്ങിയൊളിക്കും.

ഉറഞ്ഞ് കിടക്കുന്ന ഭാഷാന്തരങ്ങളിൽ നിന്നുയിർക്കുന്ന ആദി ലിഖിതങ്ങൾ പോലെ അത് മൗനത്തിന്റെ വിളവെടുക്കും.

സഞ്ചാരികളുടെ കണ്ണാടിച്ചില്ലുകളിൽ നാനാർത്ഥങ്ങളായി ഒടുങ്ങുന്ന പോലെ അകാലത്തിൽ ചിന്തകൾ ചിതലുമ്മ വെയ്ക്കും.

Tuesday, October 6, 2015

ഇന്ന് രാവിലെ തുsങ്ങിയതാണ്.


ഉറക്കമുണർന്നപ്പോൾ ഒപ്പം തികട്ടി വന്നു ഇന്നലെ തിന്നു മറന്ന ഒരു സ്വപ്നത്തിന്റെ ബാക്കി .


ഇപ്പോഴുമുണ്ട്‌ തലച്ചോറിൽ അതിന്റെ കടന്നൽപ്പെരുക്കം.



എനിക്കോർമ്മയുണ്ട് -


ഇന്നലെ രാത്രി ബോധത്തിന്റെ ആകാശ മിഠായിയുടെ മദം ആയിരുന്നു അതിന്റെ രുചി.

പിന്നെ എപ്പോഴോ ആണ് ഇന്ദ്രിയങ്ങളിൽ കണ്ണ് പൊത്തി കാഴ്ചയിൽ അത് ഇരുട്ട് വിളമ്പിയത്.


സുഖവും ദുഖവും സമവാക്യങ്ങൾ തെറ്റിക്കാതെ ചേർത്ത് കുഴച്ചത്.


പകുതി വെന്ത വേദനകളിൽ രസമുകുളങ്ങൾ ചേർത്തത്.


ചിന്തകൾ ദഹിക്കുന്ന ജഠരാഗ്നിച്ചൂടിൽ ഉള്ള് പൊള്ളി പുറത്തേക്ക് തികട്ടിയപ്പോഴാണ് ഉറക്കത്തിന്റെ രാത്രികളിൽ ഞാൻ ഒറ്റയായിപ്പോയത്.