let time decide..

let time decide..

Friday, December 31, 2010

ഒരു കുമ്പസാരക്കുറിപ്പ്‌..

സ്വപ്നം  തുളുമ്പുമെന്‍  ജീവിത പാത്രത്തില്‍
ആരോ നിറച്ചൊരീ ജീവന്‍റെ   തുള്ളികള്‍
ആരെന്നറിയാതുഴറി ഞാന്‍ നില്‍ക്കവേ
അറിയുന്നു ഞാനതെന്നച്ഛനുമമ്മയും
ചെയ്യേണ്ടതൊന്നുമേ  ചെയ്യാതിരിക്കിലും
മായം കലര്‍ത്തുന്ന സ്നേഹം കൊടുക്കിലും
ഉള്ളില്‍ തറയ്ക്കുന്ന ദുഃഖം കൊടുക്കിലും
ഉണ്മയെപ്പോലും തിരിച്ചറിയാതെ ഞാന്‍
ദ്വേഷങ്ങള്‍ വാക്കില്‍ പകുത്തു നല്കീടിലും
എന്തവര്‍ നല്‍കുന്നു നിശ്ശബ്ദ ഗീതമായ്
നിറയുന്ന സ്നേഹത്തിന്‍ പൂനിലാ പുഞ്ചിരി
മുജ്ജന്മ പാപം പുത്രനായ്‌ വരുകിലും
ഇല്ല  നല്കില്ലവര്‍ ശാപത്തിന്‍ മുള്ളുകള്‍
കണ്ണില്‍ നിറയും ദേവാംശമാണവര്‍
പശ്ചാത്തപിച്ചു ഞാന്‍ നീറി മുറിയവേ
മന്ദം ചിരിച്ചവര്‍ മഴയായ് നിറഞ്ഞവര്‍
ഉള്‍ക്കണ്ണിനുള്ളിലെ ജീവ ബിന്ദുക്കളില്‍
ഊര്‍ജ്ജമായ് രാഗമായ് താളമായിന്നവര്‍
നീലാംബരിയില്‍ പെയ്ത താരാട്ടു പാട്ടായവര്‍
നിനവില്‍ നിറഞ്ഞൊരാ നിറവിന്‍ കുളിരവര്‍..    

Monday, December 6, 2010

അറ്റകുറ്റപണികള്‍..

എന്‍റെ ഹൃദയത്തില്‍ നിന്നും അവളുടെ ഹൃദയത്തിലേക്ക് ഒരു പാലം ഉണ്ട്..
പ്രണയം സഞ്ചരിക്കാറുള്ള വഴി..
പക്ഷേ ഇപ്പോള്‍ അറ്റ കുറ്റ പണിക്ക്  വേണ്ടി pwd അത് അടച്ചിട്ടു..
കാരണം ചോദിച്ചപ്പോള്‍ പറഞ്ഞു..
"നിങ്ങളുടെ പ്രണയം ജീര്‍ണി ക്കപ്പെട്ടിരിക്കുന്നു.."

ഒരറ്റത്ത് എന്‍റെ സമയത്തിനായി ഞാന്‍ കാത്തു നില്‍ക്കുമ്പോള്‍
അവള്‍ വലത്തോട്ട് തിരിയുന്ന ഇടവഴിയിലൂടെ വേഗം.......        

Saturday, December 4, 2010

മഴച്ചിന്തകള്‍..

1 .  ആകാശം നിറമില്ലാത്ത ബീജങ്ങള്‍ ഭൂമിയ്ക്ക് സമ്മാനിക്കുന്നു..
      ഭൂമിയുടെ ഗര്‍ഭാശയത്തില്‍ സ്വപ്നങ്ങള്‍ക്ക് അമേയം കൈവരുന്നു..
2 .  മഴ ഞരമ്പില്‍ ഞാന്‍ കേട്ട ഉയിരിന്‍റെ   സ്പന്ദം
      മഴയെ അറിഞ്ഞ ആകാശത്തിന്‍റെയോ മഴയില്‍ നനഞ്ഞ ഭൂമിയുടെതോ??
3 .  മിന്നല്‍പ്പിണര്‍പ്പാളികളില്‍ ആകാശത്തിന്‍റെ   ചിരി..
      നേര്‍ത്ത നിശ്വാസങ്ങളില്‍ ഭൂമിയുടെ മറുപടി..
4  . മഴയ്ക്കെന്താണ് ഇത്ര ദുഃഖം ??
      ആകാശത്തിനു ചുവട്ടില്‍ വെയില്‍ നനയാന്‍ അതിനു സാധിക്കുന്നില്ലല്ലോ..!!    

Friday, December 3, 2010

വേദം..

അവളുടെ സാന്ദ്ര നിരാസ ഗര്‍ത്തങ്ങളില്‍ എന്‍റെ   മോക്ഷം..
അവളുടെ സ്തന്യ സംമോഹനത്തില്‍ എന്‍റെ   കാമം..
അവളുടെ ഋതുകള്‍ വിളയുന്ന പാടങ്ങളില്‍ എന്‍റെ   അര്‍ഥം..
അവളുടെ ഗര്‍ഭാശയ നിഗൂഡതകളില്‍ എന്‍റെ  ധര്‍മം..  

തീവ്രവാദം..

അരാജകത്വത്തിന്‍റെ   ജലദോഷം വന്നു
മൂക്ക് ചീറ്റിയപോള്‍ വന്നത്
തീവ്രവാദം..

message sending failed..

പ്രണയം ശിഥിലീകരിക്കപ്പെട്ട നാള്‍വഴികളില്‍ അവന്‍ അവള്‍ക്കവന്‍റെ   ചോര തുള്ളിത്തെറിക്കുന്ന ഹൃദയം sms അയച്ചു..
ഏതോ നൂലാകാശങ്ങളില്‍ പറക്കുകയായിരുന്ന അവള്‍ തിരിച്ചു sms അയച്ചു..
"message sending failed .."          

സ്വപ്നങ്ങളില്‍ കാണുന്നത്..

സ്വപ്നങ്ങളില്‍ കാണുന്നത് ..
നിറമുള്ള ജീവിതത്തിന്‍റെ   ഈറന്‍ കാഴ്ച..
നിന്‍റെയും  എന്‍റെയും   സാഫല്യങ്ങളുടെ ഏകകം..
അശാന്ത വിദൂരതയില്‍ നീ തരുന്ന വേരുകളില്ലാത്ത ചിരി..
കണ്ണീര്‍ത്തുള്ളിയില്‍ അലിഞ്ഞു ചേര്‍ന്ന നമ്മുടെ നിസംഗത..
ഒരു കൈയകലത്ത് നിന്നുമുള്ള  നിന്‍റെ   ഉയിര്‍പ്പിനായി എന്‍റെ   ശ്വാസങ്ങള്‍..