let time decide..

let time decide..

Monday, September 21, 2015

നിഴലുകളില്ലാത്ത നിനക്ക് തരാൻ വെളിച്ചം കൊണ്ടൊരു വീടുണ്ടാക്കണം.
വഴികൾ തെളിയാത്ത അതിലേക്ക് പോകാൻ സ്വപ്നം പകുത്തൊരു വഴി വെട്ടണം.

ഉള്ളിൽ ഉഷ്ണം കരളു പൊള്ളിക്കുമ്പോൾ മഴ കൊണ്ടൊരു മേലാപ്പ് തീർക്കണം.
ചിതലു കുത്തുന്ന നിമിഷങ്ങൾ കാക്കാൻ പച്ചിരുമ്പ് കൊണ്ടൊരു വാതിലും വേണം.

ഒടുവിൽ നിന്റെ പ്രണയം തീണ്ടി നീലിച്ച തുളസിയ്ക്ക് ചാർത്താൻ എന്റെ അസ്ഥികൾ കൊണ്ടൊരു തറക്കാവൽ പണിയണം.

Sunday, September 20, 2015

ദേവദാസ് സര്‍ ന്..

നിതാന്തമായി നിറഞ്ഞു പരന്നൊഴുകുന്ന സ്നേഹമാകുന്നതിന്‌.

നിർമ്മലമായി ഹൃദയം കൊണ്ട്‌ ചിരിക്കുന്നതിന്‌.

സന്തോഷം പങ്കിട്ടു ചിരിക്കാനും സങ്കടം വീതിച്ച്‌ കരയാനും ഒരു അപ്പൂപ്പൻ മേഘമായ്‌ തണൽ കാവലാകുന്നതിന്‌.

മണ്ണിൽ മനസ്സ്‌ നിർത്തി മുകളിലോട്ടു നോക്കുന്ന നിഷ്കളങ്കതയാകുന്നതിന്‌.

അറിയാത്ത വഴികളിൽ കണ്ണിടറുമ്പോൾ സാരഥ്യമാകുന്നതിന്‌.

വിശക്കുന്ന ഇന്ദ്രിയങ്ങൾക്ക്‌ രസമുകുളമാകുന്നതിന്‌.

മൗനത്തിലൂടെ വാചാലമായ വാക്കാകുന്നതിന്‌.




നന്ദി ഹൃദയത്തിൽ സൂക്ഷിക്കാനുള്ളതാണ്‌.
പുഴുക്കുത്തേറ്റ  ചിന്തകൾക്ക്മേൽ
ഉരുകിയിറ്റുന്ന
വേദന.

കാമം ചുരത്തുന്ന ചുണ്ടിൽ നിന്ന്
ഇറങ്ങിയോടുന്ന വാക്ക്.

നിഴലുറക്കത്തിന്റെ ഇടയ്ക്കെങ്ങോവച്ച് തിരിഞ്ഞുനോക്കാതിറങ്ങിപ്പോവുന്ന സ്വപ്നത്തുണ്ട്.

രാത്രിയിൽ, ചെമ്മണ്ണുപാതയിലൂടെ അറ്റമില്ലാതെ പായുന്ന ഒറ്റയാൻ പ്രാന്ത്.

നട്ടെല്ല് വളച്ചു വളച്ച് പൊട്ടിയൊലിച്ച കറുത്ത ലാവ.

ഉഷ്ണമാപിനി മേയുന്ന തലച്ചോറ്.


ഇരുട്ടുരച്ചുരച്ച് വെട്ടം തെളിയ്ക്കാൻ കണ്ണുകെട്ടിയിറങ്ങിയ "ഞാൻ.. "

എട്ടുകാലി

എട്ട് ദിശകളിലും വേര് നീട്ടിത്തൊട്ട്
വെള്ളിനൂല് കൊണ്ട് കവിതകൾ കോർത്ത്
ജനിയുടെ പേടകത്തിൽ മൃതിയുടെ മണം പൊതിഞ്ഞ് പേറി
കുളിമുറിയുടെ കിഴക്കേ മൂലയ്ക്ക് വിഷമിറ്റുന്ന ചിരിയിൽ പേടിയുടെ വിളവെടുത്ത നീ ഉണ്ടല്ലോ,

നീ കൈപ്പിടിയിലാക്കിയത് എന്റെ ഒരു മുഴുവൻ ബാല്യമാണ്.


അതെ. എട്ടുകാലി ഒരു ചെറ്റയാണ്.
ഏകാന്തതയിൽ കരളു വെന്ത്

നിശ്ശബ്ദതയിൽ ചിന്തയുറഞ്ഞ്

നിശ്ചലതയിൽ കണ്ണീരു കൊയ്ത്

വേദനയിൽ വെയിലു കുത്തി


മഴയിൽ കണ്ണീരിന്റെ മുഖം വരയ്ക്കുന്ന മരണ മാകണം എനിക്കിനി .

സുഗന്ധം ഒരു രാജ്യമായി സ്വന്തമുണ്ടായിട്ടും വിയർപ്പ് കനക്കുന്ന തൊലിയിടങ്ങളിൽ ശ്വാസം പകർന്നുമ്മ വെച്ച് രക്തസാക്ഷിയാകുന്ന നിനക്ക്.

Friday, September 4, 2015

കടൽ എന്നോട് പറയുന്നത്:-



പതച്ചലയ്ക്കുന്ന അഹന്ത മണൽക്കുരുക്കിൽ പിടഞ്ഞ് ചാകും..

ചുംബിച്ച് വലിക്കുന്ന ഉന്മാദം നിമിഷസ്വർഗങ്ങളെ വേട്ടയാടും..

കാറ്റിൻ കനിവിൽ കനവു തേടുന്നവർ ചക്രവാളം ചുകപ്പിക്കും..

തിരയൊടുങ്ങി പ്രശാന്തമാകുമ്പോൾ
കടലാഴങ്ങളിൽ
മൗനം മരണത്തെ  ഭോഗിക്കും.