let time decide..

let time decide..

Friday, October 6, 2017

.

രണ്ടു പേർ തമ്മിൽ അകലുന്നതിന് പല പല അർത്ഥങ്ങളുണ്ട്.


ഒരേ ദിശയിൽ ഓർമകളെയും പേറി പായുന്ന പാളങ്ങളെ പോലെ, ചിലപ്പോൾ മാത്രം കൂട്ടിമുട്ടാനിടയുള്ള  തീവണ്ടി വേഗം എന്നൊരർത്ഥം.

ഒരേ കുതിപ്പിൽ തുടങ്ങി ലക്ഷ്യമൊടുങ്ങി  ആകാശങ്ങളിൽ ചിതറി തീരുന്ന കൊള്ളിമീൻവെളിച്ചം എന്ന് വേറൊന്ന്.

ഒരേ ഫ്രെയിമിൽ സ്വപ്നങ്ങളുടെയും പിരിയലുകളുടെയും ഛായാചിത്രങ്ങൾക്ക് നിറങ്ങളാകുക എന്നും,

ഒരേ ശബ്ദത്തിൽ തുടങ്ങി മറക്കലിന്റെ ശാപമൗനത്തിൽ അവസാനിക്കുന്ന നിമിഷങ്ങളുടെ മരണ വിളി എന്നും,

നാം എന്ന പുഴയിൽ നിന്ന് നീ എന്നും ഞാൻ എന്നും വേറിട്ട് വറ്റിപ്പോകുന്ന ഒഴുക്ക് എന്നും,

രണ്ട് പേർ തമ്മിൽ അകലുന്നതിന് അർത്ഥം കല്പിക്കാം.


പിരിയലുകളിൽ ബാക്കിയാകുന്ന ഈ ഉപമകളിലാണ് ഇനി ദൂരങ്ങളിലിരുന്ന് നമുക്ക് കവിത തിരയേണ്ടത്.

Thursday, May 25, 2017

വേരറിവ്!

നിങ്ങൾക്കറിയില്ലേ
മരവേരുകളിൽ പണ്ടെങ്ങോ ഊറിയ വരൾച്ചയുടെ ചോരപ്പാടുകളുണ്ടെന്ന്...

ആ ചോരപ്പാടിന്റെ ബലത്തിലാണ് മരം മഴയെ പ്രാപിക്കുന്നതെന്ന്!!!!

തുടിപ്പ് വറ്റിയ നിസ്സംഗതയിൽ ആണ് വേനൽ കനല് കൊയ്യുന്നത് എന്നും
ആ കനൽകുതിപ്പിലാണ് ഓരോ കാടും ആത്മഹത്യ ചെയ്യുന്നതെന്നും നിങ്ങളറിയണം.

  മാംസം ഞെക്കിപിഴിഞ്ഞ നിറമില്ലാത്ത ദ്രവം കൊണ്ടാണ് ഒഴുക്ക് എന്ന ഭൂപടത്തിൽ പുഴ പേരെഴുതുന്നതെന്നും
 തീക്കാറ്റ് തുപ്പുന്ന വരണ്ട കാഴ്ചകളാണ് പുഴയെ അടയാളമില്ലാത്ത ഓർമകളാക്കുന്നത് എന്നും ഇനിയും നിങ്ങൾക്കറിയില്ലെങ്കിൽ നിങ്ങൾക്കൊന്നുമറിയില്ല.

സ്വപ്‌നങ്ങൾക്ക് ശ്വാസം മുട്ടുമ്പോഴെങ്കിലും
ജീവന്റെ ഓരോ തുള്ളിക്കും ആകാശത്തോളം വലിപ്പമുണ്ടെന്നു നിങ്ങൾ അറിയണം. അറിഞ്ഞേ പറ്റൂ!

Monday, March 20, 2017

പെൺകൂണുകൾ

നിലാവിൽ തൂവൽ പോലെ സ്വപ്നമാടുന്ന ഒരു പെൺകുട്ടിയെ എനിക്കറിയാം.

കരളും കാഴ്ചയും വെന്ത അവൾക്ക് അടുപ്പിന്റെ കറുപ്പാണ്.

വെളിച്ചം എന്ന ഓർമ്മ പുസ്തകം എവിടെയോ വെച്ചു മറന്നു എന്ന് അവളൊരിക്കലും സങ്കടപ്പെടുന്നത് കേട്ടിട്ടില്ല.


അവളുടെ  ഇടുങ്ങിയ ഇരുട്ട് മുറികൾക്ക് കരിമ്പൻ കുത്തുന്ന മണമെന്ന് ഇടയ്ക്കെപ്പോളോ ജനൽപ്പാളി തുറന്നെത്തി നോക്കുന്ന വെയിൽ പുച്ഛിക്കാറുണ്ട്.

അവളുടെ ശ്വാസം വേട്ടക്കാരന്റെ കൺമുന വെട്ടിമാറുന്ന പ്രതിരോധമെന്നു  ഇരയകന്നു പോയ മൃഗവികാരം പോലെ കാറ്റ് ഈർഷ്യ കൊള്ളാറുണ്ട്.

അവളുടെ കണ്ണിൽ പൊടിയുന്ന ചോര ഉരഗത്തിനെ പോലെ വരൾച്ചയിലേക്ക് നൂണ്ടിഴയാറുണ്ടെന്ന് ഇടയ്ക്കെപ്പോഴോ തൊട്ടുപോകുന്ന മഴ സഹതപിക്കാറുണ്ട്.

സഹനം എന്ന വാക്കിന്റെ എണ്ണപ്പെരുപ്പങ്ങൾക്ക് അധികാരി അവളാണെന്നു വെറുതെയെങ്കിലും ലിപിയില്ലാത്ത ഭാഷയിൽ അവൾ സമാധാനിച്ച് തുടങ്ങുമ്പോളാണ്....

അപ്പോളാണ്...

 മേലാളന്റെ ചിരിയിലില്ലാത്ത ആനന്ദം അവളറിയുന്നു എന്ന് ഞാനറിയുന്നത്.

അപ്പോളാണ് തോൽക്കുന്നതും കീഴടങ്ങുന്നതും പൊട്ടിത്തെറിയുടെ വിത്തുകളാണെന്നു ഞാൻ പേടിക്കുന്നത്.

അപ്പോളാണ് ഇരുട്ടിലും വിളയുന്ന ജീവന്റെ പെൺ കൂണുകൾ ആണിന്റെ വറചട്ടിയിലിട്ട് പൊരിക്കാൻ എന്റെ നാവ് ഉമിനീരിറക്കുന്നത്.