let time decide..

let time decide..

Tuesday, July 16, 2019

മരണം എന്ന കുട്ടിക്കളി

മരണം വെറുമൊരു കുട്ടിക്കളിയാണ്.


ശ്വാസവും പ്രാണനും ഒളിച്ചു കളിയ്ക്കാൻ തുടങ്ങുന്നത് അന്നേരമാണ്.
കുളം കര എന്ന് കൃഷ്ണമണികൾ ചാടിത്തുള്ളി ആവേശം കൊള്ളും.

വയർ വീർപ്പിച്ചും ധമനീ ശാഖികളിൽ തൂങ്ങിയാടിയും ശ്ലേഷ്മങ്ങൾ ഉത്സവപ്പറമ്പിലെ ബലൂൺ കുട്ടി കുസൃതിയാകും.

ഒറ്റയ്ക്കാകും എന്ന് പേടിച്ചിട്ടാകും  ചില അലമ്പ് കോശങ്ങൾ കോലുമിട്ടായീം ഈമ്പി മറ്റുചിലവന്മാർക്കൊപ്പം തോളിൽ കൈയിട്ട് ഒരുമിച്ച് നടന്നുതുടങ്ങുന്നത്.

കള്ളമടി കാട്ടി പുതപ്പിലൊളിച്ച പനികുഞ്ഞുങ്ങളെ പോലെ ചില വിറയലുകൾ ദേഹം മൊത്തം തരിപ്പിക്കും.

മഷിത്തണ്ട് പൊട്ടിച്ച് സ്ളേറ്റക്ഷരങ്ങൾ മായ്ക്കുന്ന പോലെ സിരകളിൽ രക്തം ചൂട്, തുടിപ്പ് എന്നീ വാക്കുകൾ മായ്ച്ചു കളയും.



 നാലുമണി വെപ്രാളത്തിൽ പാഞ്ഞോടാൻ വെമ്പുന്ന കുതിപ്പ് പോലെ ഊർദ്ധ്വൻ അനന്തതയെ കാത്തുനിൽക്കും.

 ദേശീയഗാനത്തിന് അറ്റൻഷൻ കാക്കുന്നത് പോലെ മിടിപ്പുകൾ നിശ്ചലമാകും.

പതിയെ പതിയെ നുണഞ്ഞിട്ടും തീരാത്ത കല്ലുമുട്ടായി പോലെ ദേഹം പരുപരുത്തു കിടക്കും.

ജീവിതത്തിന്റെ മരണക്കളി കഴിഞ്ഞുള്ള വീടോട്ടമാണ് മരണം.

ഒരു പൂ ഞെട്ടറ്റ് വീഴുന്ന സുഖത്തോടെ, കുട്ടിത്തത്തോടെ ഒരാൾ മരിച്ചു വീഴുന്നതിനെക്കാൾ സുന്ദരമായ കാഴ്ച വേറെന്തുണ്ട്!?

05.07.19

3 comments:


  1. മഷിത്തണ്ട് പൊട്ടിച്ച് സ്ളേറ്റക്ഷരങ്ങൾ മായ്ക്കുന്ന പോലെ സിരകളിൽ രക്തം ചൂട്, തുടിപ്പ് എന്നീ വാക്കുകൾ മായ്ച്ചു കളയും.
    ❤️❤️❤️

    ReplyDelete
  2. ഈ വരികൾ ഭയമുണ്ടാക്കുന്നു .... ഭയപ്പെടുത്തുന്നത് ആ സത്ത്യത്തിന്റെ അനിവാര്യതയല്ല മറിച്ച് അവതരണത്തിലെ സൂക്ഷ്മതയും ലാളിത്ത്യവും ആണ്

    ReplyDelete
  3. ഒരു പൂ ഞെട്ടറ്റ് വീഴുന്ന സുഖത്തോടെ, കുട്ടിത്തത്തോടെ ഒരാൾ മരിച്ചു വീഴുന്നതിനെക്കാൾ സുന്ദരമായ കാഴ്ച വേറെന്തുണ്ട്!?

    വരികൾ മനോഹരമായിരിക്കുന്നു.
    ആശംസകൾ. തുടർന്നും എഴുതൂ..

    ReplyDelete