തിരയൊടുങ്ങി പ്രശാന്തമാകുമ്പോൾ
കടലാഴങ്ങളിൽ
മൗനം മരണത്തെ ഭോഗിക്കും.
Tuesday, August 25, 2015
മാംസത്തുണ്ട് പറിച്ചു മാറ്റുന്ന കശാപ്പുകാരന്റെ ചിരി.
നഗ്നത കൊണ്ട് നാണം മറയ്ക്കുന്ന വേശ്യയുടെ ഹൃദയം.
KFC യില് നിന്നും ശീതീകരിച്ച ഇരുണ്ട മുറികളിലേക്ക് ശീല്ക്കാരങ്ങളോടെ പ്രണയം നടക്കുന്ന വഴി.
വിശപ്പ് മുറുക്കിയുടുത്തവന്റെ വിയര്പ്പിന്റെ ഉപ്പ്.
അന്തസ്സിന്റെ കൊട്ടാരങ്ങള് പണിയിക്കുന്ന അല്പന്റെ സ്വപ്നം.
പല്ലില്ലാത്ത മോണ കാട്ടി മുഴുക്കെ ചിരിക്കുന്ന ഒറ്റ ഗാന്ധിക്ക് ഇതെത്ര നിറം തേഞ്ഞ പേരുകള്!!
അക്ഷരങ്ങൾ പരാഗണം നടത്തിയ കവിത.
കരിംപച്ചയിൽ ജപം കൊണ്ട് ജീവിതം തുന്നുന്ന തുളസി.
നൊന്ത് നൊന്ത്
ആകുലതകള് ചുകക്കുന്ന ചെമ്പരത്തി.
നനഞ്ഞ മണ്ണിൽ
നിറഞ്ഞു പൂത്തൊരു നന്ത്യാർ വട്ടം.
നീയാണ്
പകൽച്ചൂരും രാച്ചൂടും..
രാത്രിയമർന്ന് വെയിലു കത്തുമ്പൊ
കിനാവ് വിതയ്ക്കുന്നവൾ..
നിനക്കായാണ് ആകാശങ്ങൾ പൂക്കുന്നത്..
നിനക്കായാണ്
മണ്ണ് നിഴലുകൾ
വരയ്ക്കുന്നത്..
അശാന്തി പർവങ്ങളിൽ ആശുപത്രി മണക്കുമ്പോൾ
വേദന വേതാളമായി ചുമലിൽ കഥ മെനയുമ്പോൾ
പങ്കുവെക്കപ്പെടാത്ത ആകുലതകൾ ബോധ മണ്ഡലങ്ങളിൽ ചുഴിഞ്ഞ് കയറുമ്പോൾ
ദുര പോയി നര വന്നു ആലംബങ്ങൾ ഇല്ലാത്ത ഒറ്റത്തൂണായി വിറയ്ക്കുമ്പോൾ
ഒരു ശ്വാസത്തിൽ നിന്നും അടുത്ത ശ്വാസം വരെയുള്ള ഏകകങ്ങൾ കാണാതാകുമ്പോൾ
അരൂപികളുടെ സാമ്രാജ്യത്തിൽ എനിക്കൊരിടം ഉണ്ടാകുന്നത് അപ്പോളാണ്.
നിറമില്ലാത്ത പൂക്കാലങ്ങൾ ഉള്ള ചിന്തയിൽ നനയുന്ന വെയിൽതളിരിന്റെ സെൽഫി ആണെനിക്ക് ഇന്നോണം.
ഒറ്റയിൽ നിന്നു പെരുപ്പിന്റെ വന്യതയിലേക്ക് നീ പെയ്തു പെയ്തു നിറയുമ്പോൾ..
ചിതറി തെറിച്ച സ്വപ്നങ്ങൾ ഒലിച്ചൊലിച്ച് നിന്റെ വിരല് രേഖയുള്ള തീരങ്ങളിൽ ചെന്ന് കയറുമ്പോൾ..
നനഞ്ഞുറ്റിയ ചിറകിലെ മൗനം കുടഞ്ഞെറിയുമ്പോൾ..
അപ്പോൾ..
അപ്പോൾ മാത്രം
നിന്നോട് ഞാൻ പറയും.
ആത്മാവിൽ നിറഞ്ഞ വലിയൊരു കടൽ നിന്റെ ആഴങ്ങളെ കാത്ത് വറ്റാതെ കിടപ്പുണ്ടെന്ന്.....
നിന്നെ കാത്തു കാത്തു നിന്ന് ഇടയ്ക്കെങ്ങോ നിലച്ചുപോയ ഒരു പെയ്ത്തുകാലമുണ്ടെന്ന്...
നിഴലുകളുടെ ഇരുട്ടിൽ വെളിച്ചം സൂര്യായനം തേടുന്നുവെന്ന്...
എന്നെ കാണ്മാനില്ല.
പതിവായി ചെന്നിരിക്കാറുള്ള അക്ഷരങ്ങളുടെ തീരത്ത് നിഴൽ പോലും ഇല്ല.
കരളിലെ ഇരുട്ടിൽ കോറി വെച്ച സ്വപ്നങ്ങളി ലേക്ക് മുന്പ് എങ്ങോ നടന്നു ചെന്നതിന്റെ കാലടി ശേഷിപ്പുകൾ മാത്രം.
സ്നേഹം വീര്യമുള്ള ലഹരിയാക്കി പെയ്ത മഴ നനഞ്ഞിട്ടില്ല.
ഒരു സെൽഫീ യിൽ പോലും ബിംബങ്ങളുടെ പ്രസരണം അല്ലാതെ എനിക്കെന്നെ കണ്ടുകിട്ടിയില്ല.