let time decide..

let time decide..

Tuesday, August 25, 2015

ഹൃദയം പൊളിഞ്ഞു കീറി പൊള്ളിച്ച് ഒലിച്ചിറങ്ങിയ നിറമില്ലാത്ത മഴയ്ക്ക് ആണ്‍ ചൂര്.

കണ്ണിലെ ആകാശാഴങ്ങളിൽ ഉറവ പൊട്ടിയ ഇന്ദ്രിയ വിശുദ്ധിക്ക് പെണ്‍ചൂര്.

ശെരിക്കും കണ്ണീരിന്റെ മണം എന്താ??
ഇന്നലെ രാത്രി എന്റെ ചിന്ത പിഴച്ചു പെറ്റു.
സൃഷ്ടിയുടെ സ്പന്ദങ്ങളോ വേദനയുടെ ദൈന്യതയോ ഒന്നുമില്ലാതെ ഒരു സുഖ പ്രസവം.
കൈ കൂട്ടി തിരുമ്മി ഇറുക്കി പിടിച്ച ബീഡിപ്പുക ഊതാൻ ഒരു അച്ഛൻ ആകണം എനിക്കിനി.
വിശപ്പിന്റെ രസനകളിൽ ആശയങ്ങൾ ചുരത്തുന്ന ഒരമ്മ ആകണം.
കരച്ചിലിൽ വേവുന്ന പിഞ്ചു സ്വപ്‌നങ്ങൾ ശബ്ദമുണ്ടാക്കുമ്പോൾ ചെവിയോരം ചേർത്ത് നിർത്തി എനിക്ക് അതിനൊരു പേരിടണം.



          "കവിത."
നീ നീയും ഞാൻ ഞാനും എന്ന ഉടമ്പടി അന്ഗീകരിക്കപ്പെട്ടിട്ടും നിന്നിലെ ഞാനും എന്നിൽ നീയും എന്തിനാണ് divorce നു joint petition കൊടുക്കുന്നത് ?
ചില മത്സരങ്ങൾ തോല്ക്കാൻ ഉള്ളതാണ്.
പട വെട്ടി വെട്ടി ദിശ മുറിഞ്ഞ് വെറുക്കപ്പെട്ടവൻ ആകും ചിലപ്പോൾ.
തോൽവിയുടെ മദ്യക്കുപ്പികളിൽ ഈച്ചകൾ നൃത്തം ചെയ്യും.
വെളിച്ചത്തിന്റെ നേർത്ത സൂര്യ രേഖകളെ ഇരുട്ടിന്റെ വെള്ളപ്പൊക്കം ഒലിപ്പിച്ചു കളയും.


ജയിച്ചവന്റെ വിയർപ്പ്തുള്ളികൾ തോറ്റവന്റെ രണ്ടു തുള്ളി ശ്ലേഷ്മ ദ്രവത്തിൽ മങ്ങും.
ഊതിപ്പെരുപ്പിച്ച കുമിളകൾ ഒടുവിലായവന്റെ ആത്മരതിയിൽ ഖനനം ചെയ്യുന്ന സ്ഖലന സ്വപ്നങ്ങളിൽ ചിതറി തെറിക്കും.
ആയിരം തൊണ്ട കുഴികളിൽ വിളയിചെടുക്കുന്ന ജയത്തിന്റെ വിപ്ലവം ഒഴിഞ്ഞ്പോയവന്റെ ശ്വാസത്തിൽ അലിഞ്ഞു പോകും.

ചില മത്സരങ്ങൾ ജയിക്കാൻ ഉള്ളതല്ല.
ചില നോട്ടങ്ങൾ തിരിച്ച് അറിയാനുള്ളതും.

ചില ചോദ്യങ്ങള്‍.

തിരയോട്-
 "തിരഞ്ഞിട്ടും തിരഞ്ഞിട്ടും കിട്ടാത്ത എന്ത് സ്വപ്നമാണ് നീ കരയ്ക്കുള്ളിൽ ഒളിപ്പിച്ച് വെയ്ക്കുന്നത് ??"

ഭൂമിയോട്-
" എറിഞ്ഞിട്ടും എറിഞ്ഞിട്ടും കുത്തി കുതിച്ചിട്ടും നീ എന്തിനാണ് എന്നെ നിന്നിലേക്ക്‌ തന്നെ വലിയ്ക്കുന്നത് ?"

മരത്തിനോട്-
" മഴ നരച്ചിട്ടും പുഴ മെലിഞ്ഞിട്ടും നീ എന്തിനാണ് പെയ്തു കൊണ്ടേ ഇരിക്കുന്നത് ?"

കണ്ണാടിയോട് -
" നിന്നിൽ തട്ടി തെറിക്കുന്ന എന്നെ അത്രയ്ക്ക് ഇഷ്ടമായിട്ടാണോ എന്നെ കാണുമ്പോൾ നീ തിരിഞ്ഞു നടക്കാത്തത് ?"

ക്ലോക്കിനോട് -
" ഓടിയിട്ടും ഓടിയിട്ടും എന്തേ ഒന്നിനും നിനക്ക് സമയമില്ലാതായത് ?

"പുഴയോട്-
" മഴയുടെ കുഞ്ഞുങ്ങളെ ആഴത്തിൽ ഒളിപ്പിച്ച്ചിട്ടും നീ എന്തിനാണ് കടലിനു അവയെ ഒറ്റുന്നത്?"

Thursday, August 21, 2014

കളങ്ക കാമനകളുടെ ശരീര ഭൂപടം
വെളിച്ചത്തിന്‍റെ ദൈവ കണങ്ങളില്‍
സമം ചേരുമ്പോള്‍ ജനിക്കുന്ന
കറുത്ത ഹാസ്യം.

അജ്ഞതയുടെ  അഹങ്കാര മേലാപ്പുകളില്‍
ഇരുട്ടിന്‍റെ ലഹരിയില്‍ ഉപേക്ഷിക്കപ്പെടുന്ന
വൈരൂപ്യ ദര്‍ശനങ്ങള്‍.

ഓരോ പ്രകാശ മിടിപ്പുകളിലും
ബാക്കിയാകുന്ന അരൂപിയായ ഞാന്‍.





നിഴല്‍.

Sunday, July 13, 2014

ഉച്ഛനീചത്വങ്ങളുടെ കണ്ണേറു കോലമാകാത്ത
ഒരേ ഒരു വാക്ക്.

വിക്ഷോഭത്തില്‍  ചിന്താശയങ്ങളില്‍ നിന്നും 
തെറിച്ചു വീഴുന്ന ഭാഷയുടെ വിസര്‍ജ്യം.

ജനിമൃതികളുടെ സാംസ്കാരിക പൈതൃകം 
ചോദ്യം ചെയ്യപ്പെടാനുള്ളതാണെന്ന്‌
ഓര്‍മപ്പെടുത്തുന്ന സമൂഹ ഘടികാരം.



തെറി.