let time decide..

let time decide..

Friday, July 24, 2020

ഒറ്റയ്ക്ക് നിൽക്കുന്നവർ




ഒറ്റയ്ക്ക് നിൽക്കുന്നവർ ശരിക്കും ഒറ്റയ്ക്കല്ല. 

വിജനതയുടെ ഒറ്റത്തുരുത്തുകളിൽ അവർ മാറിയിരിക്കുന്നതാണ്. 
ഇരുട്ടിന്റെ ഗുഹാന്തരങ്ങളിൽ അവർ സ്വയം വെളിച്ചപ്പൊട്ടുകളാകുന്നുണ്ട്.
വാക്കുകളുടെ വെള്ളച്ചാട്ടങ്ങളിലേക്ക് അവരിൽ ചിലരെങ്കിലും മുങ്ങാംകുഴിയിടാറുമുണ്ട്.

നിങ്ങൾക്കത് കാണാനാകുന്നില്ല എന്നേ ഉള്ളൂ.

ഏകാന്തതയുടെ തനിയിടങ്ങളിൽ സ്വയം നിർമിച്ചെടുത്ത ദ്വീപുകളിൽ അവരൊരു ആൾക്കൂട്ടമാകുന്നുണ്ട്.
വികാരങ്ങൾ മിന്നൽപ്പാച്ചിലുകളായി അവരിൽ വേദനയുടെ കൂണുകൾ മുളപ്പിക്കുന്നതും  മഴ അവയെ പതുക്കെ തലോടി പതുപതുപ്പിക്കുന്നതും നിങ്ങൾ കാണുന്നില്ല എന്നേ ഉള്ളൂ.

ഒറ്റയ്ക്ക് നിൽക്കുക എന്നാൽ ഒരു സമരത്തിന് കാവലാകുക എന്നാണ്.

വസന്തം പെയ്ത് നിറയുമ്പോഴും മരം പൂത്തുലയുമ്പോഴും അതിൽ ഒരില ഇമയനക്കമേതുമില്ലാതെ ദൂരെയുള്ള കാഴ്ചകൾ കണ്ണിൽ നിറയ്ക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?

മരം പെയ്ത് തോർന്നാലും ആ ഒരില തോരാതെ പെയ്യുന്നുണ്ടാകും.

നിങ്ങളത് കാണുന്നില്ല എന്നേ ഉള്ളൂ.

ആഴങ്ങളിൽ കടലിരമ്പുമ്പോഴും പരപ്പിൽ കാറ്റ് ചിതറുമ്പോഴും അതിലൊന്നിലും ചേരാതെ ഒരു തുള്ളി ആകാശത്തിലലിയാൻ കാത്തു നിൽക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?

കടൽപ്പെരുക്കമൊഴിഞ്ഞാലും ആ  ഒരു തുള്ളി പൊലിയാതെ നിൽക്കുന്നുണ്ടാകും.

നിങ്ങളത് കാണുന്നില്ല എന്നേ ഉള്ളൂ.


നിലാത്തണുപ്പിൽ നക്ഷത്രങ്ങൾ കുളിരുമ്പോഴും ഇത്തിരിച്ചൂടിൽ കൊള്ളിമീനുകൾ പായുമ്പോഴും ദൂരെയൊരു കോണിൽ ഒരു മിന്നാമിനുങ്ങ് നിന്ന് ചിരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?

നിമിഷവേഗങ്ങളുടെ പ്രകാശവഴി തീർന്നാലും ആ ഒരു മിന്നാമിനുങ്ങ് നിന്ന് കത്തുന്നുണ്ടാകും.

നിങ്ങളത് കാണുന്നില്ല എന്നേ ഉള്ളൂ.



സൂക്ഷിച്ചു നോക്കിയാൽ നിങ്ങൾക്കും കാണാം
വിഷാദത്തിന്റെ കണ്ടൽക്കാടുകളിൽ തനിച്ചിരുന്ന് ഒരാൾ മരണം കോർക്കുന്നത്.

ഒരു ചില്ലുപാളിയ്ക്കപ്പുറം പറയാനാകാതെ പോയ മൗനങ്ങൾ നിലവിളിക്കുന്നത് നന്നായൊന്നു ചെവിയോർത്താൽ നിങ്ങൾക്കും കേൾക്കാം.

അടുത്തിരിക്കുമ്പോഴും അകലങ്ങളിൽ വറ്റിപ്പോകുന്ന ചില നനവുകൾ ഒരു തലോടൽ കൊണ്ട് നിങ്ങൾക്കും തൊട്ടറിയാം.

ഒറ്റയായിപോകുന്നവരുടെ സമരത്തിൽ പങ്കു ചേരുന്നത് ഒരു വിപ്ലവമാണ്.

3 comments: