let time decide..

let time decide..

Tuesday, August 25, 2015

മാംസത്തുണ്ട് പറിച്ചു മാറ്റുന്ന കശാപ്പുകാരന്‍റെ ചിരി.
നഗ്നത കൊണ്ട് നാണം മറയ്ക്കുന്ന വേശ്യയുടെ ഹൃദയം.
KFC യില്‍ നിന്നും ശീതീകരിച്ച ഇരുണ്ട മുറികളിലേക്ക് ശീല്ക്കാരങ്ങളോടെ പ്രണയം നടക്കുന്ന വഴി.
വിശപ്പ് മുറുക്കിയുടുത്തവന്‍റെ വിയര്‍പ്പിന്‍റെ ഉപ്പ്.
അന്തസ്സിന്‍റെ കൊട്ടാരങ്ങള്‍ പണിയിക്കുന്ന അല്പന്‍റെ സ്വപ്നം.

പല്ലില്ലാത്ത മോണ കാട്ടി മുഴുക്കെ  ചിരിക്കുന്ന ഒറ്റ ഗാന്ധിക്ക് ഇതെത്ര നിറം തേഞ്ഞ പേരുകള്‍!!
അക്ഷരങ്ങൾ പരാഗണം നടത്തിയ കവിത.
കരിംപച്ചയിൽ ജപം കൊണ്ട് ജീവിതം തുന്നുന്ന തുളസി.
നൊന്ത് നൊന്ത്
ആകുലതകള്‍ ചുകക്കുന്ന ചെമ്പരത്തി.
നനഞ്ഞ മണ്ണിൽ
നിറഞ്ഞു പൂത്തൊരു നന്ത്യാർ വട്ടം.
നീയാണ്
പകൽച്ചൂരും രാച്ചൂടും..
രാത്രിയമർന്ന് വെയിലു കത്തുമ്പൊ
കിനാവ് വിതയ്ക്കുന്നവൾ..
നിനക്കായാണ് ആകാശങ്ങൾ പൂക്കുന്നത്..
നിനക്കായാണ്
മണ്ണ് നിഴലുകൾ
വരയ്ക്കുന്നത്..
അശാന്തി പർവങ്ങളിൽ ആശുപത്രി മണക്കുമ്പോൾ
വേദന വേതാളമായി ചുമലിൽ കഥ മെനയുമ്പോൾ
പങ്കുവെക്കപ്പെടാത്ത ആകുലതകൾ ബോധ മണ്ഡലങ്ങളിൽ ചുഴിഞ്ഞ് കയറുമ്പോൾ

ദുര പോയി നര വന്നു ആലംബങ്ങൾ ഇല്ലാത്ത ഒറ്റത്തൂണായി വിറയ്ക്കുമ്പോൾ

ഒരു ശ്വാസത്തിൽ നിന്നും അടുത്ത  ശ്വാസം വരെയുള്ള ഏകകങ്ങൾ കാണാതാകുമ്പോൾ


അരൂപികളുടെ സാമ്രാജ്യത്തിൽ എനിക്കൊരിടം ഉണ്ടാകുന്നത് അപ്പോളാണ്.
നിറമില്ലാത്ത പൂക്കാലങ്ങൾ ഉള്ള ചിന്തയിൽ നനയുന്ന വെയിൽതളിരിന്റെ സെൽഫി ആണെനിക്ക് ഇന്നോണം.
ഒറ്റയിൽ നിന്നു പെരുപ്പിന്റെ വന്യതയിലേക്ക്  നീ പെയ്തു പെയ്തു നിറയുമ്പോൾ..
ചിതറി തെറിച്ച സ്വപ്നങ്ങൾ ഒലിച്ചൊലിച്ച്‌ നിന്റെ വിരല്‍ രേഖയുള്ള  തീരങ്ങളിൽ ചെന്ന് കയറുമ്പോൾ..
നനഞ്ഞുറ്റിയ ചിറകിലെ  മൗനം കുടഞ്ഞെറിയുമ്പോൾ..



അപ്പോൾ..

അപ്പോൾ മാത്രം
നിന്നോട്‌ ഞാൻ പറയും.

ആത്മാവിൽ നിറഞ്ഞ വലിയൊരു കടൽ നിന്റെ ആഴങ്ങളെ കാത്ത്‌ വറ്റാതെ കിടപ്പുണ്ടെന്ന്.....

നിന്നെ കാത്തു കാത്തു നിന്ന് ഇടയ്ക്കെങ്ങോ നിലച്ചുപോയ ഒരു പെയ്ത്തുകാലമുണ്ടെന്ന്...

നിഴലുകളുടെ ഇരുട്ടിൽ വെളിച്ചം സൂര്യായനം തേടുന്നുവെന്ന്‍...
എന്നെ കാണ്മാനില്ല.
പതിവായി ചെന്നിരിക്കാറുള്ള അക്ഷരങ്ങളുടെ തീരത്ത് നിഴൽ പോലും ഇല്ല.
കരളിലെ  ഇരുട്ടിൽ കോറി വെച്ച സ്വപ്‌നങ്ങളി ലേക്ക്   മുന്പ്‌ എങ്ങോ നടന്നു ചെന്നതിന്റെ കാലടി ശേഷിപ്പുകൾ മാത്രം.
സ്നേഹം വീര്യമുള്ള ലഹരിയാക്കി പെയ്ത മഴ നനഞ്ഞിട്ടില്ല.
ഒരു സെൽഫീ യിൽ പോലും ബിംബങ്ങളുടെ പ്രസരണം അല്ലാതെ എനിക്കെന്നെ കണ്ടുകിട്ടിയില്ല.
ഞാൻ...


നിന്റെ കണ്ണുകളിലെ കടലാഴങ്ങളിൽ നീ ഒളിപ്പിച്ചു വെച്ച ആർദ്രത.

നിന്റെ നിസ്സീമമായ നയനാകാശങ്ങളിൽ നീ കൊളുത്തിയിട്ട സൂര്യശില.

നിന്റെ  സ്നേഹപ്രകാശമിഴിച്ചാറലിൽ ഉള്ളു കുളിരുന്ന നിസംഗത.

നിന്റെ കണ്ണിന്റെ കണ്ണിൽ മുളപൊട്ടി വിടരുന്ന ജീവബിന്ദു.
ഉണ്ടെനിക്കിന്നോരോണം
കണ്ടെടുക്കാം പഴയ കാലം

പൂവിലും പുല്ലിലും
മന്ദസ്മിതം ചൊരിയും
ചിങ്ങപ്പുലരി തൻ താളം.

കർക്കിടകക്കാറു പെയ്തിട്ടൊഴിഞ്ഞ നൽ
പൊന്നു തൂകുന്നൊരാകാശം.
കാരുണ്യമായ് കവിത പൂക്കുന്ന പാടത്തിൽ
നെല്ക്കതിരിൻ തൂവസന്തം.
വേലിക്കെട്ടിനു പുറത്തേക്ക് അടിച്ച് അകറ്റുമ്പോൾ ആണ് പ്രണയത്തിനു ചിറകുകൾ മുളയ്ക്കുക.

രാകി മിനുക്കിയ സംവേദങ്ങളിൽ വാക്ക് കൊള്ളുമ്പോൾ ആണ് ഹൃദയം മുറിഞ്ഞ് ചോര ചിന്തുക.

എന്റെ ഇലകളിൽ വെയിലു തുന്നുമ്പോൾ ആണ് നിന്നെ നനയാതെ എന്നിൽ നിറയ്ക്കാൻ ആകുക.
ഹൃദയം പൊളിഞ്ഞു കീറി പൊള്ളിച്ച് ഒലിച്ചിറങ്ങിയ നിറമില്ലാത്ത മഴയ്ക്ക് ആണ്‍ ചൂര്.

കണ്ണിലെ ആകാശാഴങ്ങളിൽ ഉറവ പൊട്ടിയ ഇന്ദ്രിയ വിശുദ്ധിക്ക് പെണ്‍ചൂര്.

ശെരിക്കും കണ്ണീരിന്റെ മണം എന്താ??
ഇന്നലെ രാത്രി എന്റെ ചിന്ത പിഴച്ചു പെറ്റു.
സൃഷ്ടിയുടെ സ്പന്ദങ്ങളോ വേദനയുടെ ദൈന്യതയോ ഒന്നുമില്ലാതെ ഒരു സുഖ പ്രസവം.
കൈ കൂട്ടി തിരുമ്മി ഇറുക്കി പിടിച്ച ബീഡിപ്പുക ഊതാൻ ഒരു അച്ഛൻ ആകണം എനിക്കിനി.
വിശപ്പിന്റെ രസനകളിൽ ആശയങ്ങൾ ചുരത്തുന്ന ഒരമ്മ ആകണം.
കരച്ചിലിൽ വേവുന്ന പിഞ്ചു സ്വപ്‌നങ്ങൾ ശബ്ദമുണ്ടാക്കുമ്പോൾ ചെവിയോരം ചേർത്ത് നിർത്തി എനിക്ക് അതിനൊരു പേരിടണം.



          "കവിത."
നീ നീയും ഞാൻ ഞാനും എന്ന ഉടമ്പടി അന്ഗീകരിക്കപ്പെട്ടിട്ടും നിന്നിലെ ഞാനും എന്നിൽ നീയും എന്തിനാണ് divorce നു joint petition കൊടുക്കുന്നത് ?
ചില മത്സരങ്ങൾ തോല്ക്കാൻ ഉള്ളതാണ്.
പട വെട്ടി വെട്ടി ദിശ മുറിഞ്ഞ് വെറുക്കപ്പെട്ടവൻ ആകും ചിലപ്പോൾ.
തോൽവിയുടെ മദ്യക്കുപ്പികളിൽ ഈച്ചകൾ നൃത്തം ചെയ്യും.
വെളിച്ചത്തിന്റെ നേർത്ത സൂര്യ രേഖകളെ ഇരുട്ടിന്റെ വെള്ളപ്പൊക്കം ഒലിപ്പിച്ചു കളയും.


ജയിച്ചവന്റെ വിയർപ്പ്തുള്ളികൾ തോറ്റവന്റെ രണ്ടു തുള്ളി ശ്ലേഷ്മ ദ്രവത്തിൽ മങ്ങും.
ഊതിപ്പെരുപ്പിച്ച കുമിളകൾ ഒടുവിലായവന്റെ ആത്മരതിയിൽ ഖനനം ചെയ്യുന്ന സ്ഖലന സ്വപ്നങ്ങളിൽ ചിതറി തെറിക്കും.
ആയിരം തൊണ്ട കുഴികളിൽ വിളയിചെടുക്കുന്ന ജയത്തിന്റെ വിപ്ലവം ഒഴിഞ്ഞ്പോയവന്റെ ശ്വാസത്തിൽ അലിഞ്ഞു പോകും.

ചില മത്സരങ്ങൾ ജയിക്കാൻ ഉള്ളതല്ല.
ചില നോട്ടങ്ങൾ തിരിച്ച് അറിയാനുള്ളതും.

ചില ചോദ്യങ്ങള്‍.

തിരയോട്-
 "തിരഞ്ഞിട്ടും തിരഞ്ഞിട്ടും കിട്ടാത്ത എന്ത് സ്വപ്നമാണ് നീ കരയ്ക്കുള്ളിൽ ഒളിപ്പിച്ച് വെയ്ക്കുന്നത് ??"

ഭൂമിയോട്-
" എറിഞ്ഞിട്ടും എറിഞ്ഞിട്ടും കുത്തി കുതിച്ചിട്ടും നീ എന്തിനാണ് എന്നെ നിന്നിലേക്ക്‌ തന്നെ വലിയ്ക്കുന്നത് ?"

മരത്തിനോട്-
" മഴ നരച്ചിട്ടും പുഴ മെലിഞ്ഞിട്ടും നീ എന്തിനാണ് പെയ്തു കൊണ്ടേ ഇരിക്കുന്നത് ?"

കണ്ണാടിയോട് -
" നിന്നിൽ തട്ടി തെറിക്കുന്ന എന്നെ അത്രയ്ക്ക് ഇഷ്ടമായിട്ടാണോ എന്നെ കാണുമ്പോൾ നീ തിരിഞ്ഞു നടക്കാത്തത് ?"

ക്ലോക്കിനോട് -
" ഓടിയിട്ടും ഓടിയിട്ടും എന്തേ ഒന്നിനും നിനക്ക് സമയമില്ലാതായത് ?

"പുഴയോട്-
" മഴയുടെ കുഞ്ഞുങ്ങളെ ആഴത്തിൽ ഒളിപ്പിച്ച്ചിട്ടും നീ എന്തിനാണ് കടലിനു അവയെ ഒറ്റുന്നത്?"