let time decide..

let time decide..

Tuesday, September 27, 2011

.........

"നമ്മുടെ പ്രണയത്തിന്‍റെ  നിറമെന്താ??" അവള്‍ ചോദിച്ചു.
"പച്ച." അവന്‍ ചിരിച്ചു.
"നമുക്ക് രണ്ട് പച്ച മനുഷ്യരാകാം..വിശ്വ പ്രകൃതിയെ നമ്മുടെ പ്രണയത്തിന്‍റെ  പച്ചപ്പിലേക്ക് ആവാഹിക്കാം.."
ജീവന്‍റെ  ഓരോ ഹരിത കോശങ്ങളിലും പ്രകാശോര്‍ജ്ജം സൂക്ഷിച്ചു അവന്‍ അവളെ പുല്‍കി.
പ്രണയ സംശ്ലേഷണം കഴിഞ്ഞപ്പോള്‍ ഓജസ്സറ്റ അവളെ കുറെ കണ്ണാടി തുള്ളികളാക്കി അവന്‍ കുടഞ്ഞെറിഞ്ഞു.


"ചേമ്പില.."

Thursday, September 15, 2011

തോറ്റവര്‍..

ചിലര്‍ അങ്ങനെയാണ്.
ചരിത്രത്തിന്‍റെ  ഇരുണ്ട അരികുകളിലൂടെ 
ശ്വാസത്തിന്‍റെ  നേര്‍ത്ത ഞരക്കം പോലും കേള്‍പ്പിക്കാതെ 
ഒരു കാല്പ്പാടും ശേഷിപ്പിക്കാതെ 
അവര്‍ നടന്നു പോകും..

സ്വന്തം നട്ടെല്ലൂരി ജയിച്ചവരുടെ പതാക തൂക്കും..
മേദസ്സായ ചിന്തകള്‍ ഉറുമ്പുകളെ ഭോഗിയ്ക്കും..
അലസതയുടെ ഏറുമാടങ്ങളില്‍ ലക്ഷ്യത്തെ വേട്ടയാടും.

അവര്‍ തോറ്റവര്‍ ആണ്.
തോറ്റു തോറ്റു 
ജനിമൃതികളില്‍ തലമുറകള്‍ പേറുന്ന 
പുഴുത്ത സ്വപ്‌നങ്ങള്‍ കാവലാകുന്നവര്‍..
പാട്ടത്തിനെടുത്ത ചിന്തകള്‍ കൊണ്ട് അരക്ഷിതരായവര്‍..
മഴയുടെ വിയര്‍പ്പില്‍ ഉപ്പു തേടുന്നവര്‍..
വേവുന്ന ചൂടില്‍ നിഴല്‍ത്തണലില്‍ ഒളിയ്ക്കുന്നവര്‍..
പട്ടിണിയില്‍ വിശപ്പിന്‍റെ  വിളവെടുക്കുന്നവര്‍..
ഇഹത്തിന്‍റെയും പരത്തിന്‍റെയും നേര്‍ ചേദ ഭൂരിപക്ഷം..

ഓര്‍ക്കുക..
അവരില്ലെങ്കില്‍ നിങ്ങളില്ല..
നിങ്ങളുടെ വിജയങ്ങളില്ല..             
.

Sunday, August 14, 2011

VACUUM..

A deep silenced vacuum 
         engulfs my dilapidated thoughts..

Sordid Ego sows the seeds of barrenness..

Sea of Life is turbulent..
Arena of life is intimidating..

Excuses are kept afresh and alive..

Journey and Destination become uncertain concepts..
Journey and Destination become conceited concepts.. 

Wednesday, July 13, 2011

ആശുപത്രി..

കൊക്കിച്ചുമച്ചും കാര്‍ക്കിച്ചും
ജീവിതം തുപ്പുന്ന പുതിയ ക്ഷയ രോഗികള്‍..

വിറച്ചും വിറങ്ങലിച്ചും 
മരണം പുതയ്ക്കുന്ന  പുതിയ പനി വാര്‍ഡുകള്‍..

വികാരങ്ങളില്‍ വാജിതൈലം പുരട്ടി 
ആസക്തിക്കുതിപ്പിനായി ചിനയ്ക്കുന്ന 
പുതിയ (പഴയ?) പടക്കുതിരകള്‍..

വിശുദ്ധിയുടെ നേര്‍ത്ത ചര്‍മം 
കീറിപ്പറിഞ്ഞ പാവാടക്കിനാവുകള്‍.. 

കാഴ്ചയില്‍ തിമിരം പരത്തുന്ന 
പ്രതികരണ കണ്ണുകള്‍..  

Friday, May 20, 2011

പണ്ടു പണ്ട്..

ചുറ്റി ചുഴറ്റി  കാറ്റ് ഇങ്ങെത്തിയപ്പോള്‍  
അവന്‍റെ  ശരീരത്തിന്റെ  ഓരം ചേര്‍ത്ത് വിറയ്ക്കാതെ 
അവന്‍ അവളെ കാത്തു..

ചിതറിത്തെറിച്ചു മഴ വന്നലച്ചപ്പോള്‍ 
അവള്‍ ഏതോ പച്ചില കാമുകന്‍റെ  ഒപ്പം 
moonwalk  നു പോയതായിരുന്നു..

ഇപ്പോഴത്തെ കരിയിലകള്‍ അല്ലെങ്കിലും ഇങ്ങനെ തന്നെ ആണ് 
എന്ന് പരിതപിച്ച് മണ്ണാംകട്ട മഴയുടെ ശ്രുതിയില്‍ 
ഭുമിയുടെ രാഗമായി..               

missing..

സ്വപ്നത്തില്‍ സ്ഖലിച്ചത്
ഏത് മുന്നറിവിന്‍റെ മൃത കോശങ്ങളാണ്?

കാഴ്ചയില്‍ ഉരുകി ഒലിച്ചത്
ഏത് ഭാവിയുടെ വരണ്ട  നിറങ്ങളാണ്?

എന്‍റെ യാത്രകളില്‍ ഞാന്‍ എന്നെ തിരയുന്നു..            

Saturday, May 7, 2011

Escapism..

ഓരോ കുമ്പസാരവും ഓരോ രക്ഷപെടലാണ്..

ഉത്തരവാദിത്വത്തിന്‍റെ കണ്ണികളില്‍ തുരുമ്പുരുമ്മുമ്പോള്‍..
അലസതയിലേക്കുള്ള സ്വപ്നാടനങ്ങള്‍ തുടരുമ്പോള്‍..
അസ്ഥിക്കുള്ളിലെ കൊഴുപ്പില്‍ കാമം ചികഞ്ഞു കൊത്തുമ്പോള്‍..
വിയര്‍ത്തും വിസര്‍ജ്ജിച്ചും സമയത്തിന്‍റെ ഭ്രമണം നീളുമ്പോള്‍..

ഞാന്‍ കുമ്പസാരിക്കാറുണ്ട്..

കുമ്പസാരിച്ചു രക്ഷപ്പെടാറുണ്ട്..

ഉള്ളിലെ കറുത്ത നിറമുള്ള നിസംഗതയിലേക്ക്‌..
നിശ്ചലമായ ചിന്തകളുടെ തടാകപ്പരപ്പിലേക്ക്.. 
ഉറഞ്ഞു കിടക്കുന്ന ഭയത്തിന്‍റെ താഴ്വരയിലേക്ക്..


ഈ രക്ഷപ്പെടലില്‍ നിന്നും രക്ഷപ്പെടണം എനിക്കിനി..