let time decide..

let time decide..

Tuesday, December 15, 2015

വിരസമായ ആകാശത്ത് ഇരുട്ടിന്റെ കണക്കെടുക്കുമ്പോഴാണ് വെളിച്ചം ചിതറിത്തെറിപ്പിച്ച ഒറ്റ നക്ഷത്രത്തെ കണ്ടത്.

ജീവൻ പ്രസരിപ്പിച്ച് ചിരിക്കുന്നു അത്.

കാണാൻ രസമാണ്.




ഉൺമയുടെ തീരത്ത് അറിവിന്റെ നഗ്നത തണുത്തുറയുമ്പോഴാണ് നാഡീ തുരുത്തുകളിൽ വേദന കുത്തുന്ന ഒറ്റ ത്തുമ്പി ചിറക് കുടഞ്ഞത്.

അക്ഷരങ്ങളിൽ പരാഗണം നടത്തി കവിത പ്രസവിക്കുന്നു അത്.


അറിയാൻ സുഖമാണ്.


അശാന്തിയുടെ തോട്ടത്തിൽ സങ്കടത്തിന്റെ വിളവെടുക്കാൻ കൈവിറയ്ക്കുമ്പോഴാണ് കണ്ണീരു പെയ്ത മഴ ഒന്നായ് വലിച്ചെടുക്കുന്ന ഒറ്റ മരത്തെ നനഞ്ഞത്.


കണ്ണിൽ ഒരു കടൽ ഉറയാതെ നിർത്തി സ്നേഹം ഉച്ഛ്വസിയ്ക്കുന്നു അത്.


നോക്കി നിൽക്കാൻ ആരാധനയാണ്.
രസക്കോട്ടകളുള്ള നാവിന്റെ വാതിൽ അരക്കിട്ട് മുദ്രവെച്ചത് വ്യവസ്ഥാപിത രുചികളിൽ തുപ്പൽ തൊട്ട് അശുദ്ധിയാക്കിയതിനാണ്.


വിലയില്ലാത്ത ഇരുട്ടിലെ കാഴ്ചയ്ക്കു പകരം വെളിച്ചത്തിന്റെ ഊടുവഴിയിലേക്ക് ഒന്നു പാളിയതിനാണ് കണ്ണുകൾ ലേലത്തിന് വെച്ച് വിറ്റത്.


മൂക്കിനെ അറസ്റ്റ് ചെയ്തത് വിയർപ്പ് നിർത്തിക്കുഴച്ച പച്ചമണ്ണിന്റെ ശൗര്യം മണത്തതിനാണ്.


എതിർക്കുന്ന ശബ്ദങ്ങൾ പൊങ്ങാതിരിക്കാനും ചങ്കൂറ്റത്തിന്റെ അലർച്ച കേൾക്കാതിരിക്കാനുമാണ് ചെവികളേയും സ്വരങ്ങളേയും ജയിലിലടച്ചത്.



 ചിന്തകളെ സദാചാരം കൊണ്ട് ഞെക്കിക്കൊന്നത് പൊതു ഇടങ്ങളിൽ അക്ഷരങ്ങളെ ചുംബിച്ചതിനാണ്.







വിപ്ലവം നിശ്ശബ്ദവും നിരന്തരവും ആണെന്ന് , പക്ഷേ,  അവർക്കറിയില്ല.

Tuesday, October 27, 2015

നീ വഴിയൊഴിഞ്ഞ നഗരം.
ഇടവഴികളിൽ കാലൊച്ചകൾ മിടിയ്ക്കുന്നത് നിനക്കൊപ്പം നടക്കാനാണ്

നീ നിറമൊഴിഞ്ഞ ചിത്രം.
ഞരമ്പുകളിൽ മഷി നിറയുന്നത് നിന്നെ വരയ്ക്കാനാണ്.

നീ ദിശയൊഴിഞ്ഞ കടൽ.
കണ്ണിൽ നക്ഷത്രങ്ങൾ കത്തുന്നത് നിന്നെ കാണാനാണ്.

നീ വാക്കൊഴിഞ്ഞ മൗനം.
ചുണ്ടിൽ പ്രണയം കിനിയുന്നത് നിന്നെ ചുംബിക്കാനാണ്.

Thursday, October 22, 2015

ചില ചിന്തകൾ ഗുഹാ ചിത്രങ്ങൾ പോലെയാണ്.
വരണ്ടു കോറിയ ചരിത്ര രേഖകൾ പോലെ അത് തലച്ചോറിൽ അക്ഷാംശങ്ങൾ അളക്കും.

ഉപ്പുറവ കിനിയുന്ന കരിങ്കൽ ചീളുകളിലെ അക്ഷരങ്ങൾ പോലെ അത് പതുങ്ങിയൊളിക്കും.

ഉറഞ്ഞ് കിടക്കുന്ന ഭാഷാന്തരങ്ങളിൽ നിന്നുയിർക്കുന്ന ആദി ലിഖിതങ്ങൾ പോലെ അത് മൗനത്തിന്റെ വിളവെടുക്കും.

സഞ്ചാരികളുടെ കണ്ണാടിച്ചില്ലുകളിൽ നാനാർത്ഥങ്ങളായി ഒടുങ്ങുന്ന പോലെ അകാലത്തിൽ ചിന്തകൾ ചിതലുമ്മ വെയ്ക്കും.

Tuesday, October 6, 2015

ഇന്ന് രാവിലെ തുsങ്ങിയതാണ്.


ഉറക്കമുണർന്നപ്പോൾ ഒപ്പം തികട്ടി വന്നു ഇന്നലെ തിന്നു മറന്ന ഒരു സ്വപ്നത്തിന്റെ ബാക്കി .


ഇപ്പോഴുമുണ്ട്‌ തലച്ചോറിൽ അതിന്റെ കടന്നൽപ്പെരുക്കം.



എനിക്കോർമ്മയുണ്ട് -


ഇന്നലെ രാത്രി ബോധത്തിന്റെ ആകാശ മിഠായിയുടെ മദം ആയിരുന്നു അതിന്റെ രുചി.

പിന്നെ എപ്പോഴോ ആണ് ഇന്ദ്രിയങ്ങളിൽ കണ്ണ് പൊത്തി കാഴ്ചയിൽ അത് ഇരുട്ട് വിളമ്പിയത്.


സുഖവും ദുഖവും സമവാക്യങ്ങൾ തെറ്റിക്കാതെ ചേർത്ത് കുഴച്ചത്.


പകുതി വെന്ത വേദനകളിൽ രസമുകുളങ്ങൾ ചേർത്തത്.


ചിന്തകൾ ദഹിക്കുന്ന ജഠരാഗ്നിച്ചൂടിൽ ഉള്ള് പൊള്ളി പുറത്തേക്ക് തികട്ടിയപ്പോഴാണ് ഉറക്കത്തിന്റെ രാത്രികളിൽ ഞാൻ ഒറ്റയായിപ്പോയത്.
ഉരഞ്ഞ് തീർന്നിട്ടും
പൊടിഞ്ഞ് വിളർത്തിട്ടും
തിരയൊടുങ്ങിയ കറുപ്പിന്റെ കടലിൽ ഉന്തിയുന്തി തുഴഞ്ഞ അക്ഷരപ്പെയ്ത്തുണ്ടല്ലോ!
ഒരു ചാൺ കനത്തിൽ പെയ്ത വെള്ളി നിറമുള്ള കവിത.

ഓരോ ചോക്കും കാൽപനികനായ രക്തസാക്ഷിയാണ്.
ചിന്ത മോഷ്ടിച്ചതിന് കവിയും
പ്രണയം മോഷ്ടിച്ചതിന് കാമുകനും
സ്വപ്നം മോഷ്ടിച്ചതിന് കുട്ടിയും

അതിനാൽ കുറ്റക്കാരാണെന്ന് വിധിച്ചിരിക്കുന്നു.