let time decide..

let time decide..

Thursday, July 16, 2020

ഒരു പേരും പാകമാകാത്ത കവിത

അക്ഷരങ്ങൾ പരാഗണം നടത്തുന്ന കവിതയാണ് നീ.
നിന്റെ കണ്ണുകൾക്ക് നിലാവിന്റെ നീലത്തണുപ്പാണ്. 
വഴിയൊഴിഞ്ഞ ജീവിത വേഗങ്ങൾ നിന്റെ യാത്രകൾക്കന്യം! 
ദിശ മുറിഞ്ഞ കാഴ്ചകൾ സ്വപ്നങ്ങളിൽ നിന്നോട് സംസാരിക്കാറില്ല.
നിന്റെ വാക്കുകൾക്ക് പറയാനുള്ളത് ദൂരങ്ങളെ പറ്റിയാണ്.
പകുതി ചേർന്ന നിറങ്ങളിൽ നീ കടലാഴങ്ങളുടെ ചായങ്ങൾ ചേർത്ത് കൊണ്ടേ ഇരിക്കുന്നു. 
പാകമാകാതെ പഴുക്കാൻ നോക്കുന്ന ബോധ്യങ്ങൾ നീ അരക്കിട്ടുറപ്പിച്ച് വാക്കിന്റെ വിടവുകളിൽ ഒളിപ്പിക്കുന്നു. 
നിന്റെ വേരുകൾക്ക് കട്ടിമണ്ണിന്റെ അടിയിൽ പൂക്കുന്ന സ്വർണത്തിന്റെ സ്വാദാണ്.
ആകാശമാണ് നീ. മഴയും വെയിലും ഒരേ പോലെ നിന്നെ നനയും. വേറെ വേറെ ഒഴുകുന്ന കുറേ നീർച്ചാലുകൾ ഒത്തുചേരുന്ന വലിയൊരൊഴുക്കാണ് നീ. 
നീയാണ് തുടക്കം. തുടർച്ചയും നീ തന്നെ. 
കവിതയാണ് നീ. 
അക്ഷരങ്ങൾ പൂക്കൾ വിടർത്തുന്ന കവിത.

Saturday, August 17, 2019

പാളങ്ങൾ

                        ഒരു കൈ അകലം.
                                എന്നാൽ
                         ഒരു കിനാവകലം!

Tuesday, July 16, 2019

മരണം എന്ന കുട്ടിക്കളി

മരണം വെറുമൊരു കുട്ടിക്കളിയാണ്.


ശ്വാസവും പ്രാണനും ഒളിച്ചു കളിയ്ക്കാൻ തുടങ്ങുന്നത് അന്നേരമാണ്.
കുളം കര എന്ന് കൃഷ്ണമണികൾ ചാടിത്തുള്ളി ആവേശം കൊള്ളും.

വയർ വീർപ്പിച്ചും ധമനീ ശാഖികളിൽ തൂങ്ങിയാടിയും ശ്ലേഷ്മങ്ങൾ ഉത്സവപ്പറമ്പിലെ ബലൂൺ കുട്ടി കുസൃതിയാകും.

ഒറ്റയ്ക്കാകും എന്ന് പേടിച്ചിട്ടാകും  ചില അലമ്പ് കോശങ്ങൾ കോലുമിട്ടായീം ഈമ്പി മറ്റുചിലവന്മാർക്കൊപ്പം തോളിൽ കൈയിട്ട് ഒരുമിച്ച് നടന്നുതുടങ്ങുന്നത്.

കള്ളമടി കാട്ടി പുതപ്പിലൊളിച്ച പനികുഞ്ഞുങ്ങളെ പോലെ ചില വിറയലുകൾ ദേഹം മൊത്തം തരിപ്പിക്കും.

മഷിത്തണ്ട് പൊട്ടിച്ച് സ്ളേറ്റക്ഷരങ്ങൾ മായ്ക്കുന്ന പോലെ സിരകളിൽ രക്തം ചൂട്, തുടിപ്പ് എന്നീ വാക്കുകൾ മായ്ച്ചു കളയും.



 നാലുമണി വെപ്രാളത്തിൽ പാഞ്ഞോടാൻ വെമ്പുന്ന കുതിപ്പ് പോലെ ഊർദ്ധ്വൻ അനന്തതയെ കാത്തുനിൽക്കും.

 ദേശീയഗാനത്തിന് അറ്റൻഷൻ കാക്കുന്നത് പോലെ മിടിപ്പുകൾ നിശ്ചലമാകും.

പതിയെ പതിയെ നുണഞ്ഞിട്ടും തീരാത്ത കല്ലുമുട്ടായി പോലെ ദേഹം പരുപരുത്തു കിടക്കും.

ജീവിതത്തിന്റെ മരണക്കളി കഴിഞ്ഞുള്ള വീടോട്ടമാണ് മരണം.

ഒരു പൂ ഞെട്ടറ്റ് വീഴുന്ന സുഖത്തോടെ, കുട്ടിത്തത്തോടെ ഒരാൾ മരിച്ചു വീഴുന്നതിനെക്കാൾ സുന്ദരമായ കാഴ്ച വേറെന്തുണ്ട്!?

05.07.19

..

നിനക്കറിയാമോ നിന്റെ കണ്ണീരു വറ്റിച്ചെടുത്ത ഉപ്പാണ് നിന്റെ ചിരിയിലെ രുചി എന്ന്?

രക്ത രന്ധ്രങ്ങളിൽ പടരുന്ന ഇരുമ്പുരസലാണ് ചിന്തകളിലെ അമ്ലമെന്ന്??

നെടുവീർപ്പിന്റെ ജീവവേഗമാണ് കൊടുങ്കാറ്റിന്റെ താളമെന്ന്???

പകുതിമയങ്ങുന്ന സ്വപ്ന സ്വത്വമാണ് കടലിന്റെ ആഴമെന്ന്????

കാഴ്ച വറ്റാത്ത കണ്ണിലെ മിന്നലാണ് ആകാശത്തിന്റെ അതിരെന്ന്?????


പേരിന്റെ അടയാളങ്ങൾ കനമില്ലാത്ത ഓർമകളിൽ പോലും ശേഷിപ്പിക്കാത്ത നിനക്ക് ഞാൻ എന്ത് തരാനാണ്?

സ്ഥിരം കാഴ്ചകൾ

നേരം വെളുത്ത് പുറത്തിറങ്ങിയാൽ കാണാം സ്ഥിരം കാഴ്ചകൾ. സ്ഥിരം ആളുകൾ.


പുറകിൽ വന്ന് ചൂളം വിളിച്ച് ശൃംഗാരമളക്കുന്ന ഒരുത്തനെ എന്നും കാണാം. തിരിഞ്ഞ് നോക്കിയാൽ പാറിയൊളിക്കും. നേരെ നിന്ന് കണ്ണിൽ നോക്കാൻ ധൈര്യമില്ലാത്ത കാറ്റ്.

പേടിത്തൊണ്ടൻ!!


നോട്ടത്തിൽ ഉച്ചച്ചൂട് കൊയ്യുന്ന വേറൊരുത്തനും സ്ഥിരമാണ്. വിയർപ്പിൽ കുതിരുന്ന ഞൊറിതുടിപ്പുകളെ കണ്ണ് കൊണ്ടുഴിഞ്ഞ് തീർക്കുന്ന അൽപ്പൻ ആകാശം.

വൃത്തികെട്ടവൻ!!


എന്നാലും ഇടയ്ക്കിടയ്ക്ക് കണ്ണ് തിരഞ്ഞു പോകുന്ന വേറൊരാളുണ്ട്.
ദിശ തെറ്റിപ്പോകുന്ന ചില മൗനങ്ങൾ പ്രണയം ഇറ്റിച്ചു കൊണ്ട് തരും മൂപ്പര്.
ആരും കാണാതെ കവിളിൽ വന്നൊരുമ്മ തന്നോടിപ്പോകും. നാണം കൊണ്ട് ദേഹം പുഷ്പിപ്പിക്കുന്ന മഴക്കാമുകൻ.

കള്ളൻ!!!


പകുതി വിരിഞ്ഞ ഇങ്ങനെയുള്ള തോന്നലുകളിൽ നിന്ന് ഇല ഉണർന്നത് നരച്ച രോമങ്ങളുള്ള വയസ്സൻ വെയിൽ ബലിഷ്ഠമായ പേശികൾക്കുള്ളിൽ അവളെ ഞെരുക്കിയെടുത്ത് പ്രകാശ സംശ്ലേഷണം ചെയ്തപ്പോളാണ്.

മൂപ്പെത്താതെ പ്രസവിച്ച ഒരു പിഞ്ചു കായ ഇന്നും ഒരു ചോദ്യം പോലെ എല്ലാവരെയും നോക്കി ചിരിക്കാറുണ്ടത്രേ!!

Friday, October 6, 2017

.

രണ്ടു പേർ തമ്മിൽ അകലുന്നതിന് പല പല അർത്ഥങ്ങളുണ്ട്.


ഒരേ ദിശയിൽ ഓർമകളെയും പേറി പായുന്ന പാളങ്ങളെ പോലെ, ചിലപ്പോൾ മാത്രം കൂട്ടിമുട്ടാനിടയുള്ള  തീവണ്ടി വേഗം എന്നൊരർത്ഥം.

ഒരേ കുതിപ്പിൽ തുടങ്ങി ലക്ഷ്യമൊടുങ്ങി  ആകാശങ്ങളിൽ ചിതറി തീരുന്ന കൊള്ളിമീൻവെളിച്ചം എന്ന് വേറൊന്ന്.

ഒരേ ഫ്രെയിമിൽ സ്വപ്നങ്ങളുടെയും പിരിയലുകളുടെയും ഛായാചിത്രങ്ങൾക്ക് നിറങ്ങളാകുക എന്നും,

ഒരേ ശബ്ദത്തിൽ തുടങ്ങി മറക്കലിന്റെ ശാപമൗനത്തിൽ അവസാനിക്കുന്ന നിമിഷങ്ങളുടെ മരണ വിളി എന്നും,

നാം എന്ന പുഴയിൽ നിന്ന് നീ എന്നും ഞാൻ എന്നും വേറിട്ട് വറ്റിപ്പോകുന്ന ഒഴുക്ക് എന്നും,

രണ്ട് പേർ തമ്മിൽ അകലുന്നതിന് അർത്ഥം കല്പിക്കാം.


പിരിയലുകളിൽ ബാക്കിയാകുന്ന ഈ ഉപമകളിലാണ് ഇനി ദൂരങ്ങളിലിരുന്ന് നമുക്ക് കവിത തിരയേണ്ടത്.

Thursday, May 25, 2017

വേരറിവ്!

നിങ്ങൾക്കറിയില്ലേ
മരവേരുകളിൽ പണ്ടെങ്ങോ ഊറിയ വരൾച്ചയുടെ ചോരപ്പാടുകളുണ്ടെന്ന്...

ആ ചോരപ്പാടിന്റെ ബലത്തിലാണ് മരം മഴയെ പ്രാപിക്കുന്നതെന്ന്!!!!

തുടിപ്പ് വറ്റിയ നിസ്സംഗതയിൽ ആണ് വേനൽ കനല് കൊയ്യുന്നത് എന്നും
ആ കനൽകുതിപ്പിലാണ് ഓരോ കാടും ആത്മഹത്യ ചെയ്യുന്നതെന്നും നിങ്ങളറിയണം.

  മാംസം ഞെക്കിപിഴിഞ്ഞ നിറമില്ലാത്ത ദ്രവം കൊണ്ടാണ് ഒഴുക്ക് എന്ന ഭൂപടത്തിൽ പുഴ പേരെഴുതുന്നതെന്നും
 തീക്കാറ്റ് തുപ്പുന്ന വരണ്ട കാഴ്ചകളാണ് പുഴയെ അടയാളമില്ലാത്ത ഓർമകളാക്കുന്നത് എന്നും ഇനിയും നിങ്ങൾക്കറിയില്ലെങ്കിൽ നിങ്ങൾക്കൊന്നുമറിയില്ല.

സ്വപ്‌നങ്ങൾക്ക് ശ്വാസം മുട്ടുമ്പോഴെങ്കിലും
ജീവന്റെ ഓരോ തുള്ളിക്കും ആകാശത്തോളം വലിപ്പമുണ്ടെന്നു നിങ്ങൾ അറിയണം. അറിഞ്ഞേ പറ്റൂ!