let time decide..

let time decide..

Tuesday, September 27, 2011

.........

"നമ്മുടെ പ്രണയത്തിന്‍റെ  നിറമെന്താ??" അവള്‍ ചോദിച്ചു.
"പച്ച." അവന്‍ ചിരിച്ചു.
"നമുക്ക് രണ്ട് പച്ച മനുഷ്യരാകാം..വിശ്വ പ്രകൃതിയെ നമ്മുടെ പ്രണയത്തിന്‍റെ  പച്ചപ്പിലേക്ക് ആവാഹിക്കാം.."
ജീവന്‍റെ  ഓരോ ഹരിത കോശങ്ങളിലും പ്രകാശോര്‍ജ്ജം സൂക്ഷിച്ചു അവന്‍ അവളെ പുല്‍കി.
പ്രണയ സംശ്ലേഷണം കഴിഞ്ഞപ്പോള്‍ ഓജസ്സറ്റ അവളെ കുറെ കണ്ണാടി തുള്ളികളാക്കി അവന്‍ കുടഞ്ഞെറിഞ്ഞു.


"ചേമ്പില.."

Thursday, September 15, 2011

തോറ്റവര്‍..

ചിലര്‍ അങ്ങനെയാണ്.
ചരിത്രത്തിന്‍റെ  ഇരുണ്ട അരികുകളിലൂടെ 
ശ്വാസത്തിന്‍റെ  നേര്‍ത്ത ഞരക്കം പോലും കേള്‍പ്പിക്കാതെ 
ഒരു കാല്പ്പാടും ശേഷിപ്പിക്കാതെ 
അവര്‍ നടന്നു പോകും..

സ്വന്തം നട്ടെല്ലൂരി ജയിച്ചവരുടെ പതാക തൂക്കും..
മേദസ്സായ ചിന്തകള്‍ ഉറുമ്പുകളെ ഭോഗിയ്ക്കും..
അലസതയുടെ ഏറുമാടങ്ങളില്‍ ലക്ഷ്യത്തെ വേട്ടയാടും.

അവര്‍ തോറ്റവര്‍ ആണ്.
തോറ്റു തോറ്റു 
ജനിമൃതികളില്‍ തലമുറകള്‍ പേറുന്ന 
പുഴുത്ത സ്വപ്‌നങ്ങള്‍ കാവലാകുന്നവര്‍..
പാട്ടത്തിനെടുത്ത ചിന്തകള്‍ കൊണ്ട് അരക്ഷിതരായവര്‍..
മഴയുടെ വിയര്‍പ്പില്‍ ഉപ്പു തേടുന്നവര്‍..
വേവുന്ന ചൂടില്‍ നിഴല്‍ത്തണലില്‍ ഒളിയ്ക്കുന്നവര്‍..
പട്ടിണിയില്‍ വിശപ്പിന്‍റെ  വിളവെടുക്കുന്നവര്‍..
ഇഹത്തിന്‍റെയും പരത്തിന്‍റെയും നേര്‍ ചേദ ഭൂരിപക്ഷം..

ഓര്‍ക്കുക..
അവരില്ലെങ്കില്‍ നിങ്ങളില്ല..
നിങ്ങളുടെ വിജയങ്ങളില്ല..             
.